നിയമസഭ പാസാക്കുന്ന ആക്ട് സഭയിൽ വയ്ക്കാൻ വൈകരുത്: സ്പീക്കർ
തിരുവനന്തപുരം: നിയമസഭ പാസ്സാക്കുകയും ഗവർണ്ണറുടെ അനുമതി ലഭിക്കുകയും ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ആക്ട് സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിൽ കാലതാമസമുണ്ടാവരുതെന്ന് സ്പീക്കറുടെ റൂളിംഗ് ..
വിദൂര വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ലീഗ് അംഗം എൻ.ഷംസുദ്ദീൻ കൊണ്ടുവന്ന ക്രമപ്രശ്നത്തിലായിരുന്നു സ്പീക്കറുടെ റൂളിംഗ്. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ബിൽ പാസാക്കി മൂന്ന് വർഷം കഴിഞ്ഞിട്ടും അതിന്റെ സ്റ്റാറ്റ്യൂട്ടും ചട്ടവും ഉണ്ടായിട്ടില്ല. 90 ദിവസത്തിനുള്ളിൽ ചട്ടം ഉണ്ടാവേണ്ടതാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിനെയാണ് ഇതിന് ചുമതലപ്പെടുത്തിയിരുന്നത്. സംസ്ഥാനത്തെ മറ്റു സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസകോഴ്സുകൾ തടസപ്പെട്ടിരിക്കുകയാണെന്നും ക്രമപ്രശ്നത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ സ്റ്റാറ്റ്യൂട്ട് രണ്ട് ഘട്ടമായാണ് തയ്യാറാക്കേണ്ടതെന്നും ആദ്യ ഘട്ടം തയ്യാറായെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അറിയിച്ചു. ആദ്യ ഘട്ടം തയ്യാറാക്കിയത് ഇംഗ്ളീഷിലാണ്. ഇത് മലയാളത്തിലേക്ക് മാറ്റാൻ കമ്മിറ്റിയെ നിയോഗിച്ചെങ്കിലും ലഭ്യമായിട്ടില്ല. കിട്ടുന്ന മുറയ്ക്ക് സഭയുടെ മേശപ്പുറത്ത് വയ്ക്കാമെന്നും മന്ത്രി വ്യക്തമാക്കി. തുടർന്നായിരുന്നു റൂളിംഗ്.