സഭ ചേർന്നത് 19 ദിവസം, നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Friday 12 July 2024 1:34 AM IST

തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം നടപടികൾ പൂർത്തീകരിച്ച് ഇന്നലെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. 19 ദിവസങ്ങളിൽ സമ്മേളിച്ച സഭ 2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പാസാക്കി.

ജൂൺ 10ന് ആരംഭിച്ച സമ്മേളനം 28 ദിനങ്ങൾ ചേരാനാണ് കലണ്ടർ തയ്യാറാക്കിയിരുന്നതെങ്കിലും കാര്യോപദേശക സമിതി യോഗത്തിന്റെ ശുപാർശ പ്രകാരം 9 ദിവസത്തെ സമ്മേളനം ഒഴിവാക്കുകയായിരുന്നു. ധനാഭ്യർത്ഥനകളുടെ പരിഗണനയ്ക്കായി 12 ദിവസങ്ങളാണ് നീക്കി വച്ചത്.

2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ, 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബിൽ, 2024ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ, 2024ലെ കേരള ധനകാര്യ ബിൽ എന്നീ സുപ്രധാന ബില്ലുകൾ സമ്മേളനം പാസാക്കി. 2023ലെ കേരള പൊതുരേഖ ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയുമുണ്ടായി.
കുടിശികയായ സർക്കാർ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട് മലബാർ മേഖലയിലെ സീറ്റ് പ്രതിസന്ധി പരിശോധിച്ച് പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസതൊഴിൽ വകുപ്പുമന്ത്രിയും ചട്ടം 300 പ്രകാരം പ്രസ്താവന നടത്തി.

സമ്മേളന കാലയളവിൽ 34 ശ്രദ്ധക്ഷണിക്കലുകളും 202 സബ്മിഷനുകളും സഭ മുമ്പാകെ അവതരിപ്പിക്കുകയും ബന്ധപ്പെട്ട മന്ത്രിമാർ മറുപടി പറയുകയും ചെയ്തു. നാല് സി.ആൻഡ് എ.ജി റിപ്പോർട്ടുകൾ ഉൾപ്പെടെ സമ്മേളനത്തിലാകെ 486 രേഖകൾ സഭയുടെ മേശപ്പുറത്തുവയ്ക്കുകയും നിരവധി നിയമസഭാ കമ്മിറ്റികളുടേതായ 129 റിപ്പോർട്ടുകൾ സഭയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നിയമസഭാ ചട്ടങ്ങളുടെ മലയാള പരിഭാഷ ആധികാരികമാക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായി സ്പീക്കർ രൂപീകരിച്ച വിദഗ്ദ്ധ സമിതി സമ്മേളന കാലയളവിൽ റിപ്പോർട്ട് സമർപ്പിച്ചു. 'അടിയന്തരപ്രമേയം' എന്ന വാക്കിന് പകരം 'നടപടികൾ നിർത്തിവയ്ക്കാനുള്ള ഉപക്ഷേപം' എന്ന ഭേദഗതി ഉൾപ്പെടെ പ്രസ്തുത റിപ്പോർട്ടിലെ അഞ്ചാം ഖണ്ഡികയിൽ ശുപാർശ ചെയ്തിരുന്ന ഭേദഗതികൾ അംഗീകരിക്കുകയും റിപ്പോർട്ടിലെ മറ്റ് ശുപാർശകൾ ചട്ടങ്ങൾ സംബന്ധിച്ച സമിതിയുടെ കൂടി പരിശോധനയ്ക്കു ശേഷം നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. കുവൈറ്റിലെ കെട്ടിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും പരിക്കേറ്റവരുടെയും ദുഃഖത്തിൽ സഭ പങ്കുചേരുകയും ചെയ്തു. ട്വന്റി 20 ക്രിക്കറ്റിൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങളേയും ടീം മാനേജ്‌മെന്റിനേയും സഭ ഹാർദ്ദമായി അനുമോദിച്ചു.

Advertisement
Advertisement