കേരളം വൃദ്ധസദനമാവും: പ്രതിപക്ഷം വിദേശപഠനം തടയാനാവില്ല: മന്ത്രി

Friday 12 July 2024 1:41 AM IST

തിരുവനന്തപുരം: കുട്ടികൾ വൻതോതിൽ വിദേശപഠനത്തിന് പോവുന്നത് കേരളത്തെ വൃദ്ധസദനമാക്കി മാറ്റുമെന്നും അപകടകരമായ പ്രവണതയായിട്ടും സർക്കാരിന് നിഷേധാത്മക സമീപനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുന്ന വിഷയം സർക്കാർ ഗൗരവത്തോടെ പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വിദ്യാർത്ഥികൾ വിദേശത്ത് പോവുന്നത് തടയാനാവില്ലെന്നും മോഹനവാഗ്ദാനം നൽകി വഞ്ചിക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തുമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.

യുവാക്കൾ ജീവിക്കാനാഗ്രഹിക്കുന്ന അന്തരീക്ഷമല്ല കേരളത്തിലെന്നും ഇവിടെ നിന്ന് രക്ഷപെടാനാണ് യുവതലമുറ ശ്രമിക്കുന്നതെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച മാത്യുകുഴൽനാടൻ പറഞ്ഞു. രണ്ടരലക്ഷം മലയാളികളാണ് വിദേശത്ത് പഠിക്കുന്നത്. ഐ.ഐ.ടി, ഐ.ഐ.എം പ്രവേശനം കിട്ടുന്ന മലയാളികളുടെ എണ്ണം 1.08ശതമാനമാണ്. രാജസ്ഥാനിൽ ഇത് 15.82ശതമാനമാണെന്നും കുഴൽനാടൻ പറഞ്ഞു.35,000മുതൽ 40,000വരെ മലയാളികളാണ് പ്രതിവർഷം വിദേശപഠനത്തിന് പോവുന്നതെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. രാജ്യത്ത് കുറഞ്ഞ നിരക്കാണിത്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാലു ശതമാനം മാത്രമാണ് കേരളത്തിൽനിന്നുള്ളത്. കേരളത്തിൽ പഠിക്കുന്ന 13 ലക്ഷം വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തിലെ സൗകര്യങ്ങളൊരുക്കും. സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഒരു പാളിച്ചയുമില്ല. വാഴ്സിറ്റികളുടെ കീർത്തി രാജ്യാന്തര തലത്തിൽ വർദ്ധിക്കുകയാണ്- മന്ത്രി പറഞ്ഞു.

ഒരു ഏജൻസി മാത്രം 7000പേരെ വിദേശത്ത് അയയ്ക്കുന്നതായും വിദേശ യൂണിവേഴ്സിറ്റികൾ നേരത്തേ കേരളത്തിൽ തുടങ്ങിയിരുന്നെങ്കിൽ ഇത് നിയന്ത്രിക്കാമായിരുന്നെന്നും വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. വിദേശത്ത് പോവുന്ന കുട്ടികൾ കബളിപ്പിക്കപ്പെടുന്നോയെന്നും നല്ല കോഴ്സിലാണോ ചേരുന്നതെന്നും പരിശോധിക്കാൻ സർക്കാർ സംവിധാനമുണ്ടാവണം. പത്ത് വാഴ്സിറ്റികളിൽ വി.സിമാരും നിരവധി ഗവ. കോളേജുകളിൽ പ്രിൻസിപ്പൽമാരുമില്ല. സർക്കാരും ഗവർണറുമായുള്ള തർക്കത്തിൽ വിദ്യാർത്ഥികളാണ് ബലിയാടാവുന്നത്- സതീശൻ ചൂണ്ടിക്കാട്ടി.

Advertisement
Advertisement