' മനസിലുണ്ട് എന്നും നല്ല സിനിമയുടെ ഉള്ളൊഴുക്ക്'

Friday 12 July 2024 9:41 AM IST

റിലീസ് ചെയ്ത് നാലാംവാരത്തിലും നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി മുന്നേറുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരായ ഉർവശിയും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായെത്തിയ ഉള്ളൊഴുക്ക് എന്ന ചിത്രം.

കാമുകി , കന്യക എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ദേശീയ അവാർഡ് നേടിയ സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ചിത്രമാണ് ഉള്ളൊഴുക്ക്. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത കൂടത്തായി കൊലക്കേസിനെ ആസ്പദമാക്കിയ,​ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയ കറി ആൻഡ് സയനൈഡ് ഡോക്യുമെന്ററിയുടെ സംവിധായകൻ കൂടിയാണ് ക്രിസ്റ്റോ. ഉള്ളൊഴുക്കിനെ കുറിച്ചും ഭാവി പ്രോജക്ടുകളെക്കുറിച്ചും സംവിധായകൻ കേരളകൗമുദിയോട് മനസ് തുറക്കുന്നു.

ഉള്ളൊഴുക്കിന്റ വിജയം

ഇത്രയും വലിയൊരു സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളായി വരുന്നതുകൊണ്ടും കൈകാര്യം ചെയ്ത വിഷയത്തിന്റെ പ്രത്യേകത കൊണ്ടും ചെറിയ പേടി ഉണ്ടായിരുന്നു. എന്നാൽ പ്രേക്ഷകർ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് മികച്ച സ്വീകരണമാണ് നൽകിയത്. എല്ലാവർക്കും സിനിമ ഇഷ്ടമായതിൽ സന്തോഷമുണ്ട്. ഒരുപാട് പേർ ഫോൺ വഴിയും നേരിട്ടും വിളിച്ച് അഭിനന്ദിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സിനിമ ചർച്ചയായി.

കുട്ടികളുടെയും ഉള്ളുലച്ചു

നിരവധി പേർ വിളിച്ചിട്ട് അവരുടെ കുട്ടികൾക്ക് ഒക്കെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് സർപ്രൈസിംഗ് ഫാക്ടർ ആയി തോന്നി. മുതിർന്നവർക്കും കുട്ടികളും ഉൾപ്പെടെ എല്ലാ ഏജ് ഗ്രൂപ്പിലും പെട്ടവർക്ക് സിനിമ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം,​ സത്യൻ അന്തിക്കാട്,​ ടൊവിനോ. ബേസിൽ,​ സുപ്രിയ,​ ജോജു ജോർജ്,​ ബിജോയ് നമ്പ്യാർ തുടങ്ങി സിനിമാ മേഖലയിൽ നിന്നുള്ളവരും വിളിച്ച് അഭിനന്ദിച്ചിരുന്നു.

ഉള്ളൊഴുക്കിലെ ജീവിതം

ജീവിതത്തിലുണ്ടായ ഒരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഉള്ളൊഴുക്ക് സംഭവിക്കുന്നത്. എന്നാൽ അതിലെ കഥാപാത്രങ്ങൾക്ക് ഏതെങ്കിലും പ്രത്യേക ആളുകളുമായി ബന്ധമില്ല. പക്ഷേ ആ കഥാപാത്രങ്ങളെ അക്ഷരങ്ങളിലേക്ക് പകർത്തുമ്പോൾ പലഘട്ടത്തിലും ജീവിതത്തിൽ കണ്ടുമറന്ന ഒരുപാട് പേർ ഇൻഫ്ലുവൻസ് ചെയ്തിട്ടുണ്ട്.

ഉർവശിയും പാ‌ർവതിയും

എഴുതുന്ന സമയത്ത് ഇവർ മാത്രല്ല,​ ആരുടെയും മുഖം മനസിലുണ്ടായിരുന്നില്ല. ചെറിയ രീതിയിലുള്ള സിനിമ എന്ന വിചാരത്തോടെയായിരുന്നു എഴുത്ത്. പ്രൊഡക്ഷൻ സമയത്തെ ചർച്ചകളിലാണ് ഉർവശി ചേച്ചിയുടെ പേര് കടന്നുവന്നത്. കാമറാമാൻ ഷഹനാദാണ് ചേച്ചിയുടെ പേര് പറഞ്ഞത്. ചേച്ചി സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സമയമായിരുന്നു അത്. ചേച്ചി ചെയ്യാനിരുന്ന ഒരു സിനിമ നീട്ടിവയ്‌ക്കേണ്ടി വന്നിരുന്നു. അങ്ങനെയാണ് ചേച്ചിയെ പോയി കാണുകയും സംസാരിക്കുകയും ചെയ്തത്. 2019ലായിരുന്നു അത്. പിന്നീട് സിനിമ നടക്കാൻ വ‍ർഷങ്ങൾ എടുത്തെങ്കിലും നിരന്തരം കോണ്ടാക്ട് ചെയ്യുന്നുണ്ടായിരുന്നു.


എന്നാൽ ആദ്യം കാണാൻ പോയത് പാർവതിയെ ആയിരുന്നു. അന്ന് പാർവതി, ഈ റോൾ കുറച്ച് ഇന്റൻസ് ആയതു കൊണ്ട് ചെയ്യാൻ ഒരു ചെറിയ മടി കാണിച്ചിരുന്നു. പിന്നെ ഒന്നു രണ്ടു വർഷം കഴിഞ്ഞ് വീണ്ടും കാണുമ്പോഴാണ് സ്ക്രിപ്ട് വായിക്കാൻ താത്പര്യം ഉണ്ടെന്ന് പാർവതി പറയുന്നത്. അങ്ങനെ സ്ക്രിപ്ട് വായിച്ചുകൊടുത്തപ്പോഴാണ് പാർവതി ഓക്കെ പറഞ്ഞത്. ലീലാമ്മയുടെയും അഞ്ജുവിന്റെയും റോളിൽ ഇവരെയല്ലാതെ മറ്റാരെയും കാണാൻ കഴിയില്ല.

പാർവതി വീണ്ടും യെസ് പറഞ്ഞതിന് ശേഷം ഉർവശി ചേച്ചിയെ വീണ്ടും അപ്രോച്ച് ചെയ്യുകയായിരുന്നു. ചേച്ചിയാണ് ലീലാമ്മയുടെ റോളിൽ എന്നറിഞ്ഞപ്പോൾ പാർ‌വതിക്കും സന്തോഷമായിരുന്നു. അവർ തമ്മിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. ചേച്ചിയോടൊപ്പം വർക്ക് ചെയ്യുന്നത് വലിയ എക്‌സ്പീരിയൻ,​സ് ആകുമെന്നതിൽ പാർവതിയും ആഹ്ളാദത്തിലായിരുന്നു.

ആർഎസ്‌വിപി

സിനിസ്ഥാൻ കോണ്ടസ്റ്റിൽ ഫസ്റ്റ് പ്രൈസ് കിട്ടിയതിന് ശേഷമാണ് മക്‌ഗഫീൻ പിക്ചേഴ്‌സിന്റ ഹണി ടെഹ്റാൻ വിളിക്കുന്നത്. . പിന്നീട് ഹണി വഴിയാണ് ആർ.എസ്.വി.പിയിലേക്കെത്തുന്നത്. ഹണിയുടെ പല ചിത്രങ്ങളും അവർ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്.

സംവിധായകന്റെ ഉള്ളുലച്ചത്

പെർഫോമൻസ് കൊണ്ട് ഇഷ്ടപ്പെട്ട ഒരു പാട് സീൻസ് ചിത്രത്തിൽ ഉണ്ട്,​ തുടക്കത്തിൽ ലീലാമ്മ ബാക്ക് സ്റ്റോറി പറയുന്ന ഒറ്റഷോട്ടിലെ സീൻ വളരെ ടച്ചിംഗ് ആയിരുന്നു. മൊബൈൽ മോർച്ചറിക്ക് മുന്നിൽ നിന്ന് സംസാരിക്കുന്ന ഒരു സീനും അത്രയധികം പ്രിയപ്പെട്ടതാണ്.

സുഷിൻ ശ്യാം

സുഷിൻ കുമ്പളങ്ങി നൈറ്റ്സ് ചെയ്യുന്ന സമയത്താണ് ഉള്ളൊഴുക്കിനായി സമീപിക്കുന്നത്. കഥയൊക്കെ കേട്ട് ഇഷ്ടപ്പെട്ടു. പക്ഷേ നേരത്തെ പറഞ്ഞ പോലെ ഷൂട്ടിംഗ് തുടങ്ങാൻ കുറേ സമയമെടുത്തു. ഒടുവിൽ ഷൂട്ട് കംപ്ലീറ്റ് ആയിക്കഴിഞ്ഞാണ് സുഷിനെ വീണ്ടും പോയികണ്ടത്. . അങ്ങനെയാണ് സുഷിൻ ഈ പ്രൊജക്ടിലേക്ക് വീണ്ടും വരുന്നത്.

സ്ത്രീപക്ഷ സിനിമകൾ ?

കാമുകി,​ കന്യക,​ ഉള്ളൊഴുക്ക്,​ കറി ആൻഡ് സയനൈഡ് ഇവയെല്ലാം സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളാണ്. ഇത് മനഃ​പൂർവമല്ല, അങ്ങനെ സംഭവിച്ച് പോയതാണ്. കറി ആൻഡ് സയനൈഡ് ആണെങ്കിൽ വിമൻ ഓറിയന്റഡ് ആയതു കൊണ്ട്ചെയ്യാൻ തീരുമാനിച്ചതാണ്. എന്നാൽ മറ്റുള്ള ചിത്രങ്ങളുടെ കാര്യത്തിൽ അങ്ങനെയല്ല. അത് സ്വാഭാവികമായി സംഭവിച്ച് പോയതാണെന്നേ പറയാൻ പറ്റൂ.

വിപണിക്ക് പ്രിയം നായക കേന്ദ്രീകൃത സിനിമകൾ

സ്ത്രീകേന്ദ്രീകൃത സിനിമകൾക്ക് ഫണ്ടിംഗ് പാടാണ്. കാരണം മുൻനിര താരങ്ങളുടെ പ്രൊജക്ടിനുള്ള അത്ര റിട്ടേൺസ് ഇതിന് കിട്ടാത്തതു കൊണ്ടാകാം. ഉള്ളൊഴുക്കിന്റെ വിജയത്തിന് ശേഷം സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ എടുക്കാൻ കൂടുതൽ ധൈര്യം വന്നെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. ഒരുപാട് പേർക്ക് ഉള്ളൊഴുക്കിന്റെ വിജയം പ്രചോദനമായിട്ടുണ്ടെന്നാണ് കരുതുന്നത്.

ഫെസ്റ്റിവലുകൾ

ലോസ്ആഞ്ചലസ് ഇന്ത്യൻ ഫിലിംഫെസ്റ്റിവലിൽ സ്ക്രീൻ ചെയ്തു, മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്.

ഉള്ളൊഴുക്കിന് ശേഷം

ഒരു വെബ് സീരീസിനെ കുറിച്ചുള്ള ആലോചനകൾ നടക്കുന്നു. ഇതു വരെ ചെയ്തതിൽ നിന്ന് മാറി ചെയ്യണം എന്നാണ് ആഗ്രഹം. മാസ്, ആക്ഷൻ, കോമഡി ചിത്രങ്ങൾ ചെയ്യണമെന്നുണ്ട്.

Advertisement
Advertisement