500 കോടി മുടക്കി യൂസഫലി വാങ്ങിയ വിമാനത്തിന്റെ പ്രത്യേകതകൾ അറിയാമോ?​ വേഗതയിൽ ഇവനെ വെല്ലാൻ കഴിയില്ല ​

Friday 12 July 2024 11:22 AM IST

തിരുവനന്തപുരം: 500 കോടി രൂപയുടെ അത്യാഡംബര വിമാനം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഗൾഫ് സ്ട്രീം എയ്‌റോസ്പെയ്സ് നിർമിച്ച ജി -600 വിമാനമാണ് യൂസഫലിയുടെ യാത്രകളുടെ ഭാഗമാകുക. 19പേർക്ക് സഞ്ചരിക്കാവുന്ന ഈ ചെറു വിമാനത്തിൽ ആറ് പേർക്ക് കിടന്ന് സഞ്ചരിക്കാനും സൗകര്യമുണ്ട്.

ഏറ്റവും നൂതന സാങ്കേതിക വിദ്യകളും സൗകര്യങ്ങളുമുള്ള പുതിയ വിമാനത്തിന് വേഗതയാണ് പ്രധാന ഘടകം. ടി 7 വെെഎംഎ രജിസ്ട്രേഷനിലുള്ള വിമാനമായ ഇതിന് 6600 നോട്ടിക്കൽ മെെൽ വരെ പറക്കാനാകും. 925 കി.മീ വരെയാണ് പരാമവധി വേഗത. ഈ അതിവേഗവിമാനത്തിൽ ന്യൂയോർക്ക് - ദുബായ്, ലണ്ടൻ - ബെയ്ജിംഗ്, ലോസ് ആഞ്ചെലെസ് - ഷാംഗ്ഹായ് തുടങ്ങിയ നഗരങ്ങൾക്കിടയിൽ നോൺ സ്റ്റോപ്പായി യാത്രനടത്താൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മുൻതലമുറ വിമാനത്തെക്കാൾ 12ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഇതിനുണ്ട്. പ്രാറ്റ് ആൻഡ് വിറ്റിനിയുടെ എൻജിനാണ് വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വേഗമുള്ള ലോംഗ് റേഞ്ച് പ്രെെവറ്റ് ജെറ്റാണ് ജി 600 എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

96.1 അടി നീളവും 25.3 അടി ഉയരവുമുള്ള ഈ വിമാനത്തിന്റെ വിംഗ്സ് നീളം 94.7 അടിയാണ്. 51.2 അടിയാണ് അകത്തളത്തിന്റെ നീളം. 7.6 അടി വീതിയും 6.2 അടി ഉയരവും ഇന്റീരിയറിനുള്ളത്. 51000 അടിവരെ ഉയരത്തിൽ പറക്കാൻ സാധിക്കുന്ന വിമാനത്തിന് ടേക്ക് ഓഫിന് 5700 അടി നീളമുള്ള റൺവേയും ലാൻഡിംഗിന് 3100 അടി റൺവേയും ആവശ്യമാണ്.

അതേസമയം, യൂസഫലി നേരത്തെ ഉപയോഗിച്ചിരുന്ന എ6 വെെഎംഎ ഗൾഫ്സ്ട്രീം ജി- 550 വിമാനം വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. സ്വകാര്യജെറ്റ് വിമാനങ്ങൾ വാങ്ങാനും വിൽക്കാനും സഹായിക്കുന്ന അമേരിക്കൻ സ്റ്റാന്റൺ ആൻഡ് പാർട്ട്ണേഴ്സ് ഏവിയേഷൻ എന്ന കമ്പനിയാണ് വിൽപനയ്ക്കായി പരസ്യം ചെയ്തിരിക്കുന്നത്. വിമാനത്ത് എട്ട് വർഷത്തെ പഴക്കമുണ്ട്.

Advertisement
Advertisement