അയ്യപ്പ ഭക്തിയുടെ വേറിട്ട കാഴ്ച: ചിങ്ങത്തിൽ പൂവണിയുന്നത് മാസങ്ങളുടെ കാത്തിരിപ്പ്

Friday 12 July 2024 1:43 PM IST

ആറൻമുള : സന്നിധാനത്ത് നിറപുത്തിരിക്കായി ഇക്കുറിയും ആറൻമുളയിൽ നെല്ല് വിളയും, അയ്യന്റെ രൂപത്തിൽ തന്നെ. നസർ ബാത്ത് ഇനത്തിലുള്ള നെല്ല് വിതച്ചത് ഇടയാറൻമുള സ്വദേശി സുനിൽ കുമാറാണ്. നന്നായി നനച്ച കൃഷിയിടത്തിൽ ചോക്ക് പൊടി ഉപയോഗിച്ച് അയ്യപ്പന്റെ രൂപം വരച്ച് നൽകിയത് ചുവർ ചിത്രകലാകാരൻ അഖിൽ ആറൻമുളയും. ചിങ്ങ മാസത്തിലെ നിറപുത്തരിക്കായി നെല്ല് ശബരിമലയിൽ സമർപ്പിക്കും. ഇടയാറൻമുള 1991നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ചെറുപ്പുഴയ്ക്കാട്ട് ദേവീക്ഷേത്രഭൂമിയിലാണ് കൃഷി.

140 ദിവസം കൊണ്ട് വിളവെടുക്കാനാകും. ഇപ്പോൾ 110 ദിവസമായി.

കഴിഞ്ഞ വർഷവും കരനെല്ല് നിറപുത്തരിയ്ക്കായി ശബരിമലയിൽ സമർപ്പിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അഞ്ച് ഇനം നെല്ലുകളാണ് 20 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരിക്കുന്നത്.

വളരുന്നത് 5 ഇനം നെല്ലുകൾ

ഗുജറാത്തിൽ നിന്നുള്ള നസർ ബാത്ത്, തമിഴ്‌നാട്ടിലെ എ.എസ്.ടി ,ജപ്പാനിൽ നിന്നുള്ള ജപ്പാൻ വയലറ്റ് , കേരളത്തിലെ രക്തശാലി , മനുരത്‌ന.

ഉത്തരേന്ത്യയിലാണ് വയലറ്റ് നിറത്തിലുള്ള നസർബാത്ത് നെല്ല് സാധാരണയായി കാണുന്നത്. അസമിലും മറ്റും ഏക്കർ കണക്കിന് നെൽപ്പാടത്ത് ഭംഗിക്കുവേണ്ടിയും കണ്ണുതട്ടാതിരിക്കാനും നസർബാത്ത് നെല്ലുകൊണ്ട് ചിത്രപ്പണികൾ കർഷകർ ഒരുക്കാറുണ്ട്. വിളയിറക്കുമ്പോൾ സാധാരണ നെൽച്ചെടികൾക്കിടയിൽ ചോക്കുകൊണ്ടും മറ്റും ഇഷ്ടപ്പെട്ട പടങ്ങൾ വരച്ച് അതിൽ നസർബാത്ത് നെല്ല് വിതയ്ക്കും. വളർന്നുകഴിയുമ്പോൾ നെല്ലിന്റെ പച്ചപ്പിനിടയിൽ ആരെയും ആകർഷിക്കുന്ന രീതിയിൽ മനാേഹര ചിത്രമായി നസർബാത്ത് മാറും.

Advertisement
Advertisement