അങ്കമാലിയിൽ ക്വിക് സെർവുമായി കുടുംബശ്രീ

Saturday 13 July 2024 1:06 AM IST

അങ്കമാലി: അങ്കമാലി നഗരസഭ പരിധിയിൽ വിവിധ സേവനങ്ങൾ നൽകാനൊരുങ്ങി കുടുംബശ്രീ. വിവിധങ്ങളായ ജോലികൾക്കായി കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിച്ച് 'ക്വിക് സെർവ്" എന്ന സംരംഭമാണ് ആരംഭിച്ചിരിക്കുന്നത്. ഒരു ഫോൺ വിളിയിലൂടെ സേവനങ്ങൾ ഉടൻ ലഭ്യമാകും. കിടപ്പുരോഗികൾ, വയോജനങ്ങൾ, കുട്ടികൾ എന്നിവരുടെ പരിചരണം, സാധാരണ വീട്ടുജോലികൾ, ശുചീകരണം, പാചകം എന്നിവയാണ് ആദ്യഘട്ടത്തിൽ നൽകുന്ന സേവനങ്ങൾ. സി.ഡി.എസിന് കീഴിലുള്ള സംരംഭക ഗ്രൂപ്പാണ് ക്വിക് സെർവ് സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിയ്ക്കുന്നത്. കുടുംബശ്രീ ഇവർക്ക് നൽകുന്ന സിംകാർഡു വഴിയാണ് ആവശ്യക്കാർ ബന്ധപ്പെടേണ്ടത്. കുടുംബശ്രീയിൽ നിന്നും സന്നദ്ധരായ 51 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. ജോലിക്കാരുടെ പ്രതിഫലം ജില്ലാമിഷൻ നിശ്ചയിക്കും. പ്രതിഫലത്തുക കുടുംബശ്രീ അക്കൗണ്ടിലേക്കും പിന്നീട് അംഗങ്ങൾക്കും കൈമാറും. നഗരസഭ ഹാളിൽ നടന്ന രണ്ടു ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ചെയർമാൻ മാത്യു തോമസ് സർട്ടിഫിക്കറ്റുകൾ വിതരണം നടത്തി. സി.ഡി.എസ്. ചെയർപേഴ്‌സൺ ലില്ലി ജോണി അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജാൻസി അരീക്കൽ, എൻ.യു.എൽ.എം. സിറ്റി മിഷൻ മാനേജർ ടി.ബി. വിനു, കമ്യൂണിറ്റി ഓർഗനൈസർ ജിൻസി ബിജു, ശരണ്യ ബാബു എന്നിവർ സംസാരിച്ചു.

കുടുംബശ്രീയുടെ ഈ പുതിയ സംരംഭം നഗരവാസികൾക്ക് ഏറെ പ്രയോജനപ്പെടും. അതോടൊപ്പം സ്ത്രീകൾക്ക് പുതിയൊരു തൊഴിൽ മേഖല കൂടി കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തുറക്കുകയാണ്. കുടുംബശ്രീയുടെ നിയന്ത്രണത്തിൽ നടക്കുന്ന പദ്ധതിയായതുകൊണ്ട് മേൽനോട്ടം കൃത്യതയോടെ നടക്കും.

ലില്ലിജോണി

ചെയർപെഴ്സൺ

സി.ഡി.എസ്

Advertisement
Advertisement