വിവരാവകാശ രേഖകൾക്ക് അധിക ഫീസ് വാങ്ങുന്ന ഉദ്യോഗസ്ഥർ മൂന്നുവിധത്തിൽ ശിക്ഷിക്കപ്പെടും, വിവരാവകാശ കമ്മീഷൻ

Friday 12 July 2024 6:24 PM IST

ആലപ്പുഴ: വിവരാവകാശ രേഖകൾക്ക് അധിക ഫീസ് വാങ്ങുന്ന ഉദ്യോഗസ്ഥർ മൂന്നുവിധത്തിൽ ശിക്ഷിക്കപ്പെടുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.എ. ഹക്കീം പറഞ്ഞു. അമ്പലപ്പുഴ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന വിവരാവകാശ കമ്മിഷൻ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജില്ലയിലെ ഒരു വില്ലേജ് ഓഫീസിൽ ആയിരത്തിൽപരം രൂപ മാത്രംമടച്ച് 417 പേജുകൾ കൊടുക്കേണ്ടിയിരുന്ന ഹർജിക്കാരനോട് 1,06,335 രൂപ അടക്കാൻ വില്ലേജ് ഓഫീസർ പറഞ്ഞ ഫയലിന്റെ വാതം കേൾക്കവേയാണ് കമ്മീഷണർ ഇക്കാര്യം അറിയിച്ചത്.

വിവരം വൈകിക്കുന്ന ഓരോ ദിവസത്തിനും ഉദ്യോഗസ്ഥനിൽ നിന്ന് 250 രൂപ വീതം പിഴയും അധിക ഫീസ് ഈടാക്കുന്ന തീരുമാനത്തിനെതിരെ വകുപ്പുതല അച്ചടക്ക നടപടിയും ഇതുമായി ബന്ധപ്പെട്ട് ഹർജിക്കാരനുണ്ടാകുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരവും ഈടാക്കുമെന്നും കമ്മീഷണർ പറഞ്ഞു.

നഷ്ടപരിഹാര തുകയ്ക്ക് പരിധിയുണ്ടാവില്ല. വകുപ്പുതലത്തിൽ അവരവർക്ക് ബാധകമായ സർവീസ് റൂൾ അനുസരിച്ചുള്ള അച്ചടക്ക നടപടി എന്തുമാകാം. റവന്യൂ, രജിസ്ട്രേഷൻ പോലുള്ള വകുപ്പുകളും സർവ്വകലാശാലകൾ പോലെയുള്ള സ്ഥാപനങ്ങളും വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്ന ചില രേഖകൾക്ക് അവരവർ നിശ്ചയിച്ച ഫീസ് ഈടാക്കുന്നതായി കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. ഇത് പാർലമെൻറ് പാസാക്കിയ നിയമത്തിനും സുപ്രീം കോടതി, കേരള ഹൈക്കോടതി എന്നിവയുടെ ഉത്തരവുകൾക്കും വിരുദ്ധമാണ്. കണ്ണൂർ യൂണിവേഴ്സിറ്റി ഒരു വിദ്യാർത്ഥിയുമായി നടത്തിയ കേസിൽ വിവരാവകാശ നിയമപ്രകാരമുള്ള ഫീസ് മാത്രം വാങ്ങിക്കൊണ്ട് വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റികൾ രേഖകൾ നൽകണമെന്ന് വിധിച്ചിട്ടുണ്ട്.

കമ്പനി സെക്രട്ടറിമാരും കേന്ദ്രസർക്കാരുമായി നടത്തിയ കേസിൽ സുപ്രീം കോടതി വിവരാവകാശ നിയമപ്രകാരം അപേക്ഷ സ്വീകരിച്ചാൽ ആ നിയമപ്രകാരം തന്നെ ഫീസ് വാങ്ങണമെന്നും അല്ലാതുള്ള അപേക്ഷകൾ ആണെങ്കിൽ അത് സ്ഥാപനങ്ങൾ നിശ്ചയിച്ചിട്ടുള്ള ഫീസ് വാങ്ങാം എന്നുമാണ് വിധിച്ചിട്ടുള്ളത്. ഇതിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിവരാവകാശ കമ്മീഷണർ പറഞ്ഞു. സിറ്റിംഗിൽ 20 കേസുകൾ പരിഗണിച്ചു 19 എണ്ണം തീർപ്പാക്കി. എതിർകക്ഷി മരണപ്പെട്ടതിനാൽ ഒരെണ്ണത്തിന്റെ വാദം മാറ്റി.

Advertisement
Advertisement