കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷിക്കാന്‍ മറ്റെന്ത് വേണം, റെയില്‍വേയുടെ ട്രിക്ക് സൂപ്പര്‍ ഹിറ്റ്

Friday 12 July 2024 6:48 PM IST

കോഴിക്കോട്: കംപാര്‍ട്‌മെന്റിനുള്ളില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന യാത്രക്കാരില്ല, അപകടകരമായി വാതില്‍ക്കല്‍ തൂങ്ങി നിന്നിരുന്നവരെ കാണാനില്ല, ദേ ജനറല്‍ ടിക്കറ്റ് എടുത്തവര്‍ ഞങ്ങളുടെ റിസര്‍വഡ് കോച്ചുകള്‍ കയ്യേറിയേ എന്ന പരാതി കേള്‍ക്കാനുമില്ല. വടക്കന്‍ കേരളത്തിലെ തിരക്കുള്ള വൈകുന്നേരങ്ങളില്‍ നരകതുല്യമായ ട്രെയിന്‍ യാത്രാ പ്രതിസന്ധി ഷൊര്‍ണൂര്‍ - കണ്ണൂര്‍ - ഷൊര്‍ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ എന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ താത്കാലികമായി പരിഹരിച്ചിരിക്കുകയാണ് റെയില്‍വേ.

ആഴ്ചയില്‍ നാല് ദിവസം ഓടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ സ്ഥിരമായി ഓടിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്കുള്ളത്. 12 ജനറല്‍ കംപാര്‍ട്‌മെന്റുകളിലായി 948 പേര്‍ക്ക് ഇരിക്കാവുന്ന ട്രെയിന്‍ ആണ് സ്‌പെഷ്യല്‍ സര്‍വീസ് ആയി ഓടുന്നത്. ഒരു മാസത്തേക്ക് നല്‍കിയ സര്‍വീസ് സ്ഥിരമാക്കിയാല്‍ കാലങ്ങളായി നേരിട്ടിരുന്ന യാത്രാ പ്രതിസന്ധി എന്നെന്നേക്കുമായി അവസാനിക്കും എന്ന് യാത്രക്കാര്‍ പറയുന്നു.

യാത്രക്കാര്‍ക്കിടയില്‍ ട്രെയിന്‍ ഹിറ്റാണ്, മാത്രവുമല്ല വൈകുന്നേരം കോഴിക്കോടെത്തുന്ന നേത്രാവതി എക്‌സ്പ്രസ്, കണ്ണൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലും തിരക്ക് അനുഭവപ്പെടുന്നില്ല. അതേസമയം എക്‌സ്പ്രസ് ട്രെയിന്‍ ആയി ഓടിക്കുന്നതിനാല്‍ മിനിമം നിരക്ക് 30 രൂപയാണ്. ഇത് 10 രൂപയായി കുറയ്ക്കണമെന്ന ആവശ്യമാണ് യാത്രക്കാര്‍ക്കുള്ളത്. വൈകിട്ട് 03.40ന് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ 05.30ന് കോഴിക്കോടെത്തും.

ട്രെയിന്‍ സര്‍വീസ് സ്ഥിരമാക്കിയാല്‍ ഭാവിയില്‍ കാസര്‍കോടേക്ക് നീട്ടുന്ന കാര്യവും പരിഗണിക്കണമെന്നും യാത്രക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ റെയില്‍വേക്ക് സര്‍വീസ് ലാഭമായിരിക്കുമെന്നും യാത്രക്കാര്‍ പറയുന്നു. സ്‌പെഷ്യല്‍ സര്‍വീസ് എന്നത് മാറി സ്ഥിരം സര്‍വീസ് ആക്കിമാറ്റാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്നും യാത്രക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.

Advertisement
Advertisement