2028ൽ വിഴിഞ്ഞം 4-ാം ഘട്ടവും പൂർത്തിയാക്കും,​ 10000 കോടി നിക്ഷേപം; 5000 തൊഴിലവസരം

Saturday 13 July 2024 4:24 AM IST

 തൊഴിൽപരിശീലന കേന്ദ്രം തുടങ്ങുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കും. ഇതോടെ, രാജ്യത്തെ കണ്ടെയ്നർ ബിസിനസ് കേന്ദ്രമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മദർഷിപ്പ് സാൻ ഫെർണാണ്ടോയെ ഔദ്യോഗികമായി സ്വീകരിച്ചു സംസാരിക്കുകയായിരുന്നു പിണറായി. വിഴിഞ്ഞം സമ്പൂർണ തുറമുഖമാകുന്നതോടെ 10,000 കോടി നിക്ഷേപം വരും. 5000 തൊഴിലവസരങ്ങളുണ്ടാവും. 50 കോടി ചെലവിൽ തുറമുഖാധിഷ്‌ഠിത തൊഴിൽ പരിശീലനകേന്ദ്രം തുടങ്ങും. അയൽരാജ്യങ്ങൾക്കും വിഴിഞ്ഞം ഉപകാരപ്പെടും. രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം കൂടുതൽ വർദ്ധിക്കും.

തുറമുഖത്തിനുള്ള 8867കോടിയിൽ 5595 കോടി സംസ്ഥാനമാണ് വഹിക്കുന്നത്. കേന്ദ്രവിഹിതം 818 കോടിമാത്രം. അതിനാൽ വിഴിഞ്ഞം സംസ്ഥാനത്തിന്റെ തുറമുഖമാണ്. കേന്ദ്രം 8 കോടിയുടെ പുനരധിവാസം നിർദ്ദേശിച്ചപ്പോൾ സംസ്ഥാനം 100കോടി രൂപ ചെലവിട്ടു. തുറമുഖത്തിനായി കേന്ദ്രബഡ്ജറ്റിൽ 5000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്.സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷമാണിത്. ഇനി വിശ്രമിക്കുകയല്ല, വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുകയാണ് ലക്ഷ്യം.

മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ് സോനോവാളും സംസ്ഥാന മന്ത്രിമാരും ചേർന്നാണ് ഇന്നലെ രാവിലെ കപ്പലിനെ സ്വീകരിച്ചത്. ആദ്യ അമ്മക്കപ്പൽ എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. ചെണ്ടമേളവും ആർപ്പുവിളികളും അകമ്പടിയായി.

വ്യവസായ ഇടനാഴിയാക്കും:

കരൺ അദാനി

ആധുനിക മത്സ്യബന്ധന ഹാർബർ, ഹാർബറിലേക്ക് ഔട്ടർ റിംഗ് റോഡ്, സീഫുഡ് പാർക്ക്, ക്രൂസ് ടൂറിസം സൗകര്യങ്ങൾ, വ്യവസായ ഇടനാഴി എന്നിവ നിർമ്മിക്കുമെന്ന് അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി. നിർമ്മാണം, ഓപ്പറേഷൻസ് രംഗത്ത് 2000 തൊഴിലവസരം സൃഷ്ടിച്ചു. ഭാവിയിൽ 5500 പേർക്ക് തൊഴിൽ കിട്ടും. നൈപുണ്യവികസന കേന്ദ്രത്തിൽ നൂറുകണക്കിന് യുവാക്കൾക്ക് പരിശീലനം നൽകും.

ജനസാഗരം

ശാന്തമായ നീലക്കടലിൽ അഭിമാനത്തിന്റെ തലപ്പൊക്കത്തിൽ കിടന്ന സാൻ ഫെർണാണ്ടോയെ കാണാൻ ജനം ഒഴുകിയെത്തി

 വർണ ബലൂണുകൾ മുഖ്യമന്ത്രിയും മന്ത്രിമാരും പറത്തി. മുഖ്യമന്ത്രി കപ്പലിനു മുന്നിൽ നിന്ന് ചിത്രമെടുത്തു

 ചരിത്രത്തിലേക്ക് ആദ്യ കപ്പലോടിച്ചെത്തിയ റഷ്യൻ ക്യാപ്ടൻ ആരെങ്കോയ്ക്കും ജീവനക്കാർക്കും മുഖ്യമന്ത്രി ഉപഹാരം നൽകി

ഡാനിഷ് കമ്പനി മെഴ്സ്ക് ലൈനിന്റെ കപ്പൽ കണ്ടെയ്നറുകളിറക്കിയ ശേഷം കൊളംബോയിലേക്ക് ഇന്ന് തിരിക്കും

Advertisement
Advertisement