ആൻഡേഴ്സൺ, അരങ്ങ് വിട്ടു

Friday 12 July 2024 10:30 PM IST

ലണ്ടൻ : താൻ വിക്കറ്റുകളുടെ പെരുമഴക്കാലം തീർത്ത വിഖ്യാതമായ ലോഡ്സ് മൈതാനിയിൽ നിന്ന് വിജയശ്രീ ലാളിതനായി ഇന്നലെ ജെയിംസ് മൈക്കേൽ ആൻഡേഴ്സൺ എന്ന 42കാരനായ പേസ് ബൗളർ തിരിച്ചു നടന്നപ്പോൾ വികാരഭരിതനായി വിങ്ങിക്കരഞ്ഞുപോയി. 22 വാര പിച്ചിനപ്പുറത്തുമിപ്പുറത്തുമായി 22 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് അയാൾ അവസാനമിട്ടത്. 188 ടെസ്റ്റ് മത്സരങ്ങളും 194 ഏകദിനങ്ങളും 19 ട്വന്റി-20കളുമടക്കം 991 അന്താരാഷ്ട്ര ഇരകളുടെ വേട്ടക്കാരനായാണ് ഇംഗ്ളണ്ട് കണ്ട ഏറ്റവും മികച്ച വലംകയ്യൻ പേസർമാരിലൊരായ ആൻഡേഴ്സന്റെ കളിക്കളത്തിൽ നിന്നുള്ള മടക്കം.

വിൻഡീസിനെതിരായ മൂന്ന് മത്സരപരമ്പരയിലെ ആദ്യ ടെസ്റ്റായിരുന്നു ആൻഡേഴ്സന്റെ വിരമിക്കൽ വേദി. മത്സരത്തിൽ ഇംഗ്ളണ്ട് ഇന്നിംഗ്സിനും 114 റൺസിനുമാണ് വിജയിച്ചത്. ലോഡ്സിൽ ആദ്യ ഇന്നിംഗ്സിൽ 121 റൺസിന് പുറത്തായ വിൻഡീസിനെതിരെ 250 റൺസ് ലീഡിൽ 371ലാണ് ഇംഗ്ളണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചത്. മൂന്നാം ദിവസമായ ഇന്നലെ ലഞ്ചിന് മുന്നേ വിൻഡീസിന്റെ രണ്ടാം ഇന്നിംഗ്സ് 136 റൺസിൽ അവസാനിച്ചതോട‌െ ഇംഗ്ളണ്ടിന് ഇന്നിംഗ്സ് വിജയം സ്വന്തം. ആദ്യ ഇന്നിംഗ്സിൽ ഏഴും രണ്ടാം ഇന്നിംഗ്സിൽ അഞ്ചുമടക്കം ഒരു ഡസൻ വിക്കറ്റുകൾ സ്വന്തമാക്കി ആൻഡേഴ്സന്റെ പിന്മുറ തയ്യാറെന്ന് തെളിയിച്ച അരങ്ങേറ്റക്കാരൻ ഗസ് അറ്റ്കിൻസണാണ് മത്സരത്തിലെ മികച്ച താരം. ആൻഡേഴ്സൺ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഒരു വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. വിൻഡീസ് വിക്കറ്റ് കീപ്പർ ജോഷ്വ ഡാസിൽവയായിരുന്നു ആൻഡേഴ്സന്റെ അവസാന ഇര.

ആൻഡേഴ്സൻ കരിയർ ഗ്രാഫ്

ടെസ്റ്റ് മത്സരങ്ങൾ : 188

വിക്കറ്റുകൾ : 704

ഏകദിനങ്ങൾ : 194

വിക്കറ്റുകൾ : 269

ട്വന്റി-20കൾ : 19

വിക്കറ്റുകൾ : 18

സച്ചിന് (200) ശേഷം ഏറ്റവും കൂടുതൽ ടെസ്റ്റുകൾ കളിച്ച താരം.

49883 പന്തുകളാണ് അന്താരാഷ്ട്ര കരിയറിൽ ആകെ എറിഞ്ഞത്.

Advertisement
Advertisement