അലക്സിന് പിന്നാലെ സഹോദരൻ അലൻ സജിയും ഐ.എസ്.എല്ലിൽ

Friday 12 July 2024 10:32 PM IST

@ എഫ്.സി ഗോവയ്ക്കായി ബൂട്ടണിയും


മീനങ്ങാടി: ഹൈദരാബാദ് എഫ്.സി താരം അലക്സിന് പിന്നാലെ സഹോദരൻ അലൻ സജിയും ഐ.എസ്.എല്ലിൽ. മീനങ്ങാടി സ്വദേശികളാണ് അലക്സും അലനും. ഐ.എസ്.എല്ലിലെ വമ്പൻമാരായ എഫ്.സി ഗോവയിലേക്കാണ് അലൻ സജിക്ക് അവസരം ലഭിച്ചിരിക്കുന്നത്. മൂന്ന് വർഷത്തേക്ക് എഫ്.സി ഗോവയുമായി കരാർ ഒപ്പിട്ടു. മുന്നേറ്റ താരമായ അലൻ സജി മുംബയ് റിലയൻസ് ഫൗണ്ടേഷൻ ചാമ്പ്യൻസിന് വേണ്ടി 47 കളിൽ നിന്നായി 31 ഗോളുകൾ നേടിയിട്ടുണ്ട്. ജപ്പാനിൽ നടന്ന അണ്ടർ 18 സാനിക്സ് കപ്പിൽ അലൻ സജി മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. മൂന്ന് ഗോളുകളാണ് ടൂർണമെന്റിൽ റിലയൻസിനായി നേടിയത്. മലേഷ്യക്കെതിരെ നടന്ന മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആയിരുന്നു. ടൂർണമെന്റിലെ മികച്ച ഇലവനിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 18-ാം വയസിൽ ഗോവ ടീമിൽ ഇടം നേടുന്നത് അലൻ സജിയുടെ കളി ജീവിതത്തിന് വലിയ നേട്ടമാകും. മീനങ്ങാടി ഫുട്‌ബോൾ അക്കാഡമിയിൽ നിന്നാണ് പ്രാഥമിക പരിശീലനം പൂർത്തിയാക്കിയത്. അക്കാഡമിയിലെ ബിനോയിയാണ് അലൻ സജിയുടെ പരിശീലകൻ. അക്കാഡമിക്ക് നേതൃത്വം നൽകുന്ന ഫൗജു വലിയ പിന്തുണയാണ് താരത്തിന് നൽകിവരുന്നത്. അലക്സും ഹൈദരാബാദിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വരുന്ന സീസണിലും അലക്സ് ഹൈദരാബാദിനായി കളിക്കും. മീനങ്ങാടി ചീരാൻകുന്ന് ചെറുതോട്ടിൽ സജി ചാക്കോയുടെയും സന്ധ്യയുടെയും മകനാണ്. രണ്ടു മക്കൾക്കും ഇന്ത്യൻ സൂപ്പർ ലീഗിൽ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സജിയും സന്ധ്യയും.

Advertisement
Advertisement