പൗളീനി, അടിപൊളി

Friday 12 July 2024 10:35 PM IST

ഇറ്റാലിയൻ താരം യാസ്മിൻ പൗളീനി വിംബിൾഡൺ വനിതാ ഫൈനലിൽ

എതിരാളി ബാർബോറ ക്രേസിക്കോവ

ഫൈനൽ നാളെ വൈകിട്ട് ആറുമണിമുതൽ

പൗളീനിയുടെ തുടർച്ചയായ രണ്ടാം ഗ്രാൻസ്ളാം ഫൈനൽ

ലണ്ടൻ : വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന്റെ വനിതാ ഫൈനലിൽ ഇറ്റാലിയൻ താരം യാസ്മിൻ പൗളീനിയും ചെക്ക് റിപ്പബ്ളിക്കിന്റെ ബാർബോറ ക്രേസിക്കോവയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് ആറുമണിമുതലാണ് ഫൈനൽ. കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലിൽ ക്രൊയേഷ്യൻ താരം ഡോണ വെകിച്ചിനെ തോൽപ്പിച്ചാണ് പൗളീനി ഫൈനലിലെത്തിയത്. രണ്ട് മണിക്കൂർ 51 മിനിട്ട് നീണ്ട പോരാട്ടത്തിൽ 2-6,6-4,7(10)-6(8) എന്ന സ്കോറിനാണ് പൗളീനി ഡോണയെ കീഴടക്കിയത്. വിംബിൾഡൺ സെമിയിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരമായിരുന്നു ഇത്. 28കാരിയായ പൗളീനിയുടെ തുടർച്ചയായ രണ്ടാം ഗ്രാൻസ്ളാം ഫൈനലാണിത്. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിലും ഈ ഇറ്റാലിയൻ താരം ഫൈനലിലെത്തിയിരുന്നു. അവിടെ ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാംടെക്കിനോട് തോൽക്കേണ്ടിവന്നു. നിലവിൽ ഏഴാം റാങ്കുകാരിയാണ് പൗളീനി.

31-ാം സീഡായ ബാർബോറ ക്രേസിക്കോവ സെമിയിൽ നിലവിലെ ചാമ്പ്യൻ കസാഖിസ്ഥാൻ താരം എലേന റൈബാക്കിനയെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-3,3-6,6-4 എന്ന സ്കോറിനായിരുന്നു ക്രേസിക്കോവയുടെ വിജയം. 2021ലെ ഫ്രഞ്ച് ഓപ്പൺ ജേതാവാണ് ക്രേസിക്കോവ.കഴിഞ്ഞ വിംബിൾഡണിൽ നിന്ന് പരിക്കുമൂലം ക്രേസിക്കോവയ്ക്ക് പിന്മാറേണ്ടിവന്നിരുന്നു.

Advertisement
Advertisement