ഉമ്മൻചാണ്ടിയെ ഓർക്കാതെ ഈ ചരിത്രനിമിഷം പൂർത്തിയാകില്ലെന്ന് എ എൻ ഷംസീർ

Friday 12 July 2024 10:56 PM IST

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നടത്തിയ പ്രവർത്തനങ്ങളെ ഓർമ്മിച്ച് സ്പീക്കർ എ.എൻ. ഷംസീർ. ഉമ്മൻചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമ‌ർപ്പണവും ഓർക്കാതെ ആ ചരിത്ര നിമിഷം പൂർത്തിയാകില്ല എന്ന് ഷംസീർ ഫേസ്‌ബുക്കിൽ കുറിച്ചു.

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറും. ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിൻ്റെ വാണിജ്യ ബന്ധങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകുമെന്നും ഷംസീർ ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖത്തിൻ്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നേതൃത്വം പോർട്ടിൻ്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകൾ തുറന്നുകാട്ടുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു പുതിയ ഏടായി മാറുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും ഷംസീർ കുറിച്ചു.

നേരത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ മദർഷിപ്പിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങിൽ ഉമ്മൻചാണ്ടിയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയൻ പരാമ‌ർശിക്കാത്തത് വിവാദമായിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ ഒരിടത്ത് പോലും അദ്ദേഹം ഉമ്മൻചാണ്ടിയെയോ യു.ഡി.എഫ് സർക്കാരിനെയോ പരാമർശിച്ചിരുന്നില്ല. അതേസമയം തന്റെ സർക്കാരുകളിൽ തുറമുഖ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടന്നപ്പള്ളി രാമചന്ദ്രനെയും അഹമ്മദ് ദേവർകോവിലിനെയും പേരെടുത്ത് പറഞ്ഞ് പ്രശംസിക്കുകയും ചെയ്തു. എന്നാൽ വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടാൻ കഴിഞ്ഞത് ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടമാണെന്നാണ് തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്.

Advertisement
Advertisement