@ മണ്ണെണ്ണ ക്ഷാമം രൂക്ഷം വറുതിയ്ക്ക് അറുതിയില്ലാതെ തീരം

Saturday 13 July 2024 12:02 AM IST
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ

കോഴിക്കോട്: ട്രോളിംഗ് നിരോധനത്തോടെ വറുതിയിലായ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി മണ്ണെണ്ണ ക്ഷാമവും. ‌ട്രോളിംഗ് സമയത്ത് കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് സിവിൽ സപ്ളൈസ് സബ്സിഡി നിരക്കിൽ വിതരണം ചെയ്തിരുന്ന മണ്ണെണ്ണ വിതരണമാണ് നിലച്ചത്. മണ്ണെണ്ണ ലഭിക്കാതായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ പലരും കരിഞ്ചന്തയ്ക്ക് മണ്ണെണ്ണ വാങ്ങിയാണ് കടലിൽ പോകുന്നത്. ക്ഷാമം മുതലാക്കി കരിഞ്ചന്തക്കാർ വിലയും ഇരട്ടിയാക്കിയിട്ടുണ്ട്. വലിയ വില നൽകി മണ്ണെണ്ണ വാങ്ങി കടലിൽ പോയാൽ അതിനനുസരിച്ച് മീൻ കിട്ടിയില്ലങ്കിലോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും ആവശ്യത്തിന് പമ്പുകൾ ഇല്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 9.9 കുതിരശക്തിയുള്ള എൻജിന് 128, 25 എൻജിന് 180 ലിറ്ററുമാണ്​ പെർമിറ്റുള്ള ഒരു വള്ളത്തിന് നൽകിയിരുന്നത്. ഇപ്പോഴത് 50 - 108 ലിറ്ററായി കുറഞ്ഞു. ഒരു ദിവസം കടലിൽ പോകാൻ 130- 150 ലിറ്റർ മണ്ണെണ്ണ ആവശ്യമായി വരും. ഇത്തവണ ട്രോളിംഗ് ആരംഭിച്ചിട്ട് ഇതുവരെ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് മണ്ണെണ്ണ ലഭിച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

@സബ്സിഡി ഇല്ല, വില ഇരട്ടിയും

മണ്ണെണ്ണ വില വർദ്ധിപ്പിച്ചതും സബ്സിഡി ലഭിക്കാത്തതും പ്രതിസന്ധി ഉയർത്തുന്നുണ്ട്. 42 രൂപയുണ്ടായിരുന്ന മണ്ണെണ്ണക്ക്​ 100 രൂപയാണ്​. മത്സ്യഫെഡ് നൽകുന്ന 125 ലിറ്റർ മണ്ണെണ്ണയ്ക്ക് ലിറ്ററിന് 25 രൂപ നിരക്കിലാണ് സബ്സിഡി. കഴിഞ്ഞ കുറേ വർഷമായി ഈ നിലയിൽ മാറ്റമില്ല. വിപണിയിൽ മണ്ണെണ്ണ വില കൂടിയിട്ടും സബിസിഡി ഉയർത്താൻ സർക്കാർ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ടുമാസമായി സബ്സിഡി മുടങ്ങിയിരിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു.

''ഒരോ ദിവസവും തൊഴിലാളികൾക്ക് മണ്ണണ്ണയുടെ ആവശ്യകത ഇരട്ടിക്കുകയാണ്. പക്ഷേ, അതിനനുസരിച്ച് ലഭിക്കുന്നില്ല. സർക്കാർ ഇടപെട്ട് മത്സ്യതൊഴിലാളികളെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കണം ''

കരിച്ചാലി പ്രേമൻ, സംസ്ഥാന വെെസ് പ്രസിഡന്റ്, ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റീവ് അസോസിയേഷൻ

Advertisement
Advertisement