ആത്മഹത്യാ മുനമ്പായി കേരളം; അഞ്ച് വർഷത്തിനിടെ ജീവൻ ഒടുക്കിയത് 36,​213 പേർ

Saturday 13 July 2024 12:45 AM IST

തൃശൂർ: അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ 364 പൊലീസ് സ്റ്റേഷൻ പരിധിയിൽ ജീവനൊടുക്കിയത് 36,213 പേർ. ഇവരിൽ 21,476 പുരുഷന്മാരും 5,585 സ്ത്രീകളും 600 കുട്ടികളുമെന്ന് വിവരാവകാശ രേഖ. അതേസമയം ആകെയുള്ള 485 പൊലീസ് സ്റ്റേഷനുകളിൽ 81 പൊലീസ് സ്റ്റേഷനിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല.
കുടുംബത്തിലെ എല്ലാവരും ചേർന്ന് ജീവനൊടുക്കുകയും കുഞ്ഞുങ്ങളെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന പ്രവണത കൂടുന്നതായാണ് മനോരോഗ വിദഗ്ദ്ധരുടെ വിലയിരുത്തൽ. കുടുംബ പ്രശ്‌നങ്ങളാണ് പലരെയും ബാധിക്കുന്നത്. ജീവനൊടുക്കുന്ന സ്ത്രീകളിൽ അറുപത് ശതമാനവും വീട്ടമ്മമാരാണ്. സാമ്പത്തിക പ്രശ്‌നങ്ങൾ, വിവാഹ ജീവിതത്തിലെ അപസ്വരം, അവിഹിത ബന്ധം തുടങ്ങിയവയും കാരണമാവുന്നുണ്ട്. ഡോക്ടർമാർ, ഐ.ടി പ്രൊഫഷണലുകൾ മുതൽ ബിസിനസുകാരും കൂലിപ്പണിക്കാരും വരെ ഈ പട്ടികയിലുണ്ട്.
അതേസമയം നേരിട്ടുവന്ന് വിവരം ശേഖരിക്കണമെന്ന് മറുപടി നൽകിയ സ്റ്റേഷനുകൾക്കെതിരെ, വിവരാവകാശം സമർപ്പിച്ച കെ.പി.സി.സി സെക്രട്ടറിയും പൊതുപ്രവർത്തകനുമായ അഡ്വ.ഷാജി കോടങ്കണ്ടത്ത് അപ്പീൽ നൽകി. വിവരാവകാശത്തിന് മനഃപൂർവം മറുപടി നൽകാതിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നൽകി.

പ്രതിരോധിക്കാം

#ആത്മഹത്യ തടയാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കായി പഠനസംഘത്തെ നിയോഗിക്കണം.
#കേരളത്തിൽ നടന്ന ആത്മഹത്യകളെക്കുറിച്ച് സർക്കാർ കൃത്യമായ ഡാറ്റ തയ്യാറാക്കണം.
#ജാതിമത രാഷ്ട്രീയപ്രസ്ഥാനങ്ങൾ, ക്ലബുകൾ, കുടുംബശ്രീകൾ വഴി ബോധവത്കരണം
#കുട്ടികളെ ചെറുപ്പത്തിലേ കൗൺസിലിംഗിന് വിധേയമാക്കി ആത്മഹത്യ പ്രവണത ഇല്ലാതാക്കണം.

ഓരോ കൊല്ലവും ആത്മഹത്യ ചെയ്തവരുടെ കണക്കുകളോ എന്തു കൊണ്ട് ആത്മഹത്യ ചെയ്‌തെന്ന വിവരമോ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല. ഇത് സർക്കാരിന്റെ ഗുരുതര വീഴ്ച

-അഡ്വ.ഷാജി കോടങ്കണ്ടത്ത്.

Advertisement
Advertisement