ഇഴയുന്ന വൈദ്യുത പദ്ധതികൾ വേഗത്തിലാക്കാൻ കെ.എസ്.ഇ.ബി, സ്ഥിതിഗതി  ശ്രദ്ധയിൽ പെടുത്തിയത്  കേരളകൗമുദി

Saturday 13 July 2024 12:52 AM IST

തിരുവനന്തപുരം: നിർമ്മാണം നീണ്ടുപോകുന്ന ജലവൈദ്യുത പദ്ധതികൾ ലക്ഷ്യത്തിലെത്തിക്കാൻ കെ.എസ്.ഇ.ബി നടപടികൾ തുടങ്ങി. പത്തും ഇരുപതും വർഷങ്ങളായി ഇഴയുന്ന ജലവൈദ്യുതപദ്ധതികളിൽ പണം പാഴാകുന്നതിനെ കുറിച്ച് കേരളകൗമുദി മേയ് 29ന് മുഖ്യവാർത്തയും 30ന് എഡിറ്റോറിയലും പ്രസിദ്ധീകരിച്ചിരുന്നു.കെ.എസ്.ഇ.ബി.നടത്തിയ പഠനത്തിലും ഇത് ബോധ്യമായതോടെ സമയബന്ധിതമായി പൂർത്തിയാക്കാൻ പദ്ധതി നിർവഹണ സംവിധാനം പുനഃസംഘടിപ്പിച്ചു.സോളാർ വൈദ്യുതിഉൽപാദനത്തിന് മാത്രമായി പ്രവർത്തിച്ചിരുന്ന റീസ് വിഭാഗം ഒഴിവാക്കി.വ്യത്യസ്ത
ഉൽപാദന മേഖലകളെ ഏകോപിപ്പിക്കാനും

പദ്ധതി നിർവഹണത്തിനും ചീഫ് എൻജിനിയർ പ്രൊജക്ട് എന്ന തസ്തിക സൃഷ്ടിച്ച് കൂടുതൽ അധികാരം നൽകി. ഇദ്ദേഹത്തിന് കീഴിലായിരിക്കും ഹൈഡൽ, വിൻഡ്, പമ്പ്ഡ് സ്റ്റോറേജ്, സോളാർ വിഭാഗങ്ങൾ. ഇൻവെസ്റ്റിഗേഷൻ, ഡാം നിർമ്മാണം, ജനറേറ്റർ സ്ഥാപിക്കൽ, കൺട്രോൾ മെക്കാനിസം സ്ഥാപിക്കൽഎന്നിവയുടെ ഏകോപനവും ഈ ഉദ്യോഗസ്ഥനായിരിക്കും.

എൻജിനിയർമാർക്ക് പരിശീലനം നൽകാനും തൽപര്യമുള്ള എൻജിനിയർമാരെ പദ്ധതികളുമായി ബന്ധപ്പെട്ട് നിയോഗിക്കാനും തീരുമാനിച്ചു.

കൃത്യമായ ഇടവേളകളിൽ മന്ത്രി അവലോകനം നടത്തും. അതിവേഗം നടപ്പാക്കാൻ കഴിയുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കും. ഓഫ്‌ഷോർ വിൻഡ് ഫാമും വെർട്ടിക്കൽ വിൻഡ് ടർബൈനുകളും തിരമാല വൈദ്യുതിയും നടപ്പാക്കാൻ വർഷങ്ങൾ വേണ്ടിവരുന്നതിനാൽ ഉടൻ പരിഗണിക്കില്ല.

#ജല പദ്ധതികളിൽ

സാദ്ധ്യത 5000മെഗാവാട്ട്

കെ.എസ്.ഇ.ബി.യുടെ പഠനറിപ്പോർട്ടനുസരിച്ച്

നിലവിലെ സ്ഥിതിയിൽ അഞ്ചു വർഷത്തിനുള്ളിൽ 250 മെഗാവാട്ടിൽ താഴെ ഉത്പാദനശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ മാത്രമേ യാഥാർത്ഥ്യമാകാനിടയുള്ളു. ഇതിൽ മാറ്റം കൊണ്ടുവരാനാണ് പുതിയ സംവിധാനം. ഏകദേശം 5000മെഗാവാട്ട് ജലവൈദ്യുത പദ്ധതികളിൽ നിന്ന് ലഭിക്കേണ്ടതാണ്. 3150 മെഗാവാട്ട് പമ്പ്ഡ് സ്റ്റോറേജിൽ നിന്നും 8000 മെഗാവാട്ട് സൗരോർജ്ജത്തിൽ നിന്നും 3000 മെഗാവാട്ട് കാറ്റാടിയിൽ നിന്നും ഉല്പാദിപ്പിക്കാനും സാധ്യത കേരളത്തിലുണ്ട്.

#15 വർഷം കൊണ്ട്

192.91മെഗാവാട്ട്

15 വർഷത്തിനിടയിൽ ജലവൈദ്യുത പദ്ധതികളിൽ പുതുതായി 192.91മെഗാവാട്ടിന്റെ ഉത്പാദനശേഷി മാത്രമാണ് കൈവരിച്ചത്.രണ്ട് മെഗാവാട്ട് വൈദ്യുതിയാണ് കാറ്റിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. പുരപ്പുറ സോളാറിലൂടെ മൂന്ന് വർഷത്തിനുള്ളിൽ ആയിരത്തിലധികം മെഗാവാട്ടിന്റെ ഉല്പാദനശേഷിനേടി.എന്നാൽ, കെ.എസ്.ഇ.ബി.യുടെ സൗരോർജ്ജനിലയങ്ങളിലെ ഉത്പാദനശേഷി 229.31മെഗാവാട്ട് മാത്രമാണ്.

2007ൽ ആരംഭിച്ച തോട്ടിയാർ (40മെഗാവാട്ട്), 2009ൽ ആരംഭിച്ച പള്ളിവാസൽ എക്സ്റ്റൻഷൻ (60മെഗാവാട്ട്), അതേവർഷം തുടക്കമിട്ട ചെങ്കുളം ഓഗ് മെന്റേഷൻ പദ്ധതി (85ദശലക്ഷംയൂണിറ്റ്) തുടങ്ങിയവ പൂർത്തീകരിച്ചിട്ടില്ല.

Advertisement
Advertisement