പി.എസ്.സി അംഗത്വ കോഴ: കടുത്ത നടപടിയുണ്ടാവില്ല
# സി.പി.എം ജില്ലാ കമ്മിറ്റി ഇന്ന്
കോഴിക്കോട്: പി.എസ്.സി അംഗത്വത്തിന് കോഴ വാങ്ങിയത് സംബന്ധിച്ച കേസ് ചർച്ച ചെയ്യുന്നതിന് അടിയന്തര സി.പി.എം ജില്ലാ കമ്മിറ്റി യോഗം ഇന്ന്. കോഴയിൽ പാർട്ടിക്ക് പങ്കില്ലെന്നും അന്വേഷണം നടന്നില്ലെന്നും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആവർത്തിക്കുമ്പോഴാണിത്.
. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെയും ടൗൺ ഏരിയാ കമ്മിറ്റി യോഗത്തിന്റയും തീരുമാനങ്ങൾ ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. പാർട്ടി തള്ളിയ കോഴക്കേസിലല്ലാതെ ടൗൺ ഏരിയാ കമ്മിറ്റിക്ക് കീഴിൽ പ്രമോദ് കോട്ടുളി നടത്തി വരുന്ന പ്രവർത്തനങ്ങൾ പാർടി അച്ചടക്കത്തിനെതിരാണെന്നും പ്രമോദിന് റിയൽ എസ്‌റ്റേറ്റ് മാഫിയകളുമായി ബന്ധമുണ്ടെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇയാളെ പാർട്ടി കമ്മിറ്റികളിൽ നിന്ന് തത്ക്കാലം നീക്കം ചെയ്ത് തടിയൂരാനാണ് ശ്രമം. ഏരിയാ കമ്മിറ്റി അംഗത്വം, സി.ഐ.ടിയു ജില്ലാ സെക്രട്ടറി സ്ഥാനം തുടങ്ങിയവയിൽ നിന്ന് നീക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതു പ്രകാരം പ്രമോദ് ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം വിശദീകരണം നൽകിയിരുന്നു. ഏരിയ കമ്മിറ്റി അംഗം മാത്രമായ താൻ ഇത്തരത്തിൽ ലക്ഷങ്ങളുടെ കോഴക്കേസിൽ ഇടപെട്ടിട്ടില്ലെന്നും പരാതിക്കാരെ അറിയില്ലെന്നുമാണ് പ്രമോദിന്റെ വിശദീകരണം. പി.എസ്.സി അംഗത്വം അല്ലെങ്കിൽ ആയുഷ് വകുപ്പിൽ ഉന്നതസ്ഥാനം വാഗ്ദാനം ചെയ്ത് ഹോമിയോ ഡോക്ടറിൽ നിന്ന് 60 ലക്ഷം ആവശ്യപ്പെട്ടെന്നും ആദ്യ ഗഡുവായി 22ലക്ഷം വാങ്ങിയെന്നുമായിരുന്നു ആരോപണം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി മെഡിക്കൽ കോളേജ് അസി.കമ്മിഷണറോട് അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ ആവശ്യപ്പെട്ടിട്ടുണ്ട്.