വിജിലൻസ് മേധാവി ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ചു,

Saturday 13 July 2024 12:12 AM IST

#യോഗേഷ് ഗുപ്ത ഡിജിപിയാവും

തിരുവനന്തപുരം: ഡി.ജി.പി റാങ്കുള്ള സംസ്ഥാന വിജിലൻസ് മേധാവി ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ചു രണ്ടുവർഷത്തേക്ക് അവധിയെടുത്ത് അമേരിക്കൻ സർവകലാശാലയിൽ അദ്ധ്യാപകനായി പോവാനുള്ള അപേക്ഷ കേന്ദ്രം നിരസിച്ചതോടെയാണഇത്.

. 2025 ആഗസ്റ്റ് വരെ കാലാവധിയുണ്ടായിരുന്നു. വിരമിക്കുന്നതിന് തൊട്ടുമുൻപ് വിദേശത്തെ സ്വകാര്യ ജോലിക്കായി അവധിയെടുക്കുന്നതിനോട് കേന്ദ്രത്തിന് അനുകൂല നിലപാടായിരുന്നില്ല. ആവശ്യമെങ്കിൽ സ്വയംവിരമിക്കൽ (വി.ആർ.എസ്) നേടാമെന്നായിരുന്നു കേന്ദ്രനിലപാട്. വിനോദ് കുമാർ വിരമിക്കുന്നതോടെ നിലവിലെ എഡിജിപിമാരിൽ സീനിയറായ യോഗേഷ് ഗുപ്തയ്ക്ക് (1993 ഐ.പി.എസ് ബാച്ച്) ഡിജിപി പദവി ലഭിച്ചേക്കും. ബിവറേജസ് കോർപറേഷൻ എം.ഡിയാണ് അദ്ദേഹം.

കണ്ണൂർ സ്വദേശിയാണ് വിനോദ്കുമാർ. ക്രിമിനോളജിയിൽ പി.എച്ച്.ഡി നേടിയിട്ടുണ്ട്. 1992 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. നേരത്തെയും അമേരിക്കയിലടക്കം വിവിധ സർവകലശാലകളിൽ അദ്ധ്യാപകനായിരുന്നു. അമേരിക്കയിൽ നിന്ന് ഭീകരവിരുദ്ധ പരിശീലനവും നേടിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇന്റലിജന്റ്‌സ് മേധാവിയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഡി.ജി.പിയായി സ്ഥാനക്കയറ്റത്തോടെ വിജിലൻസിലെത്തി. പൊലീസ് മേധാവിയാകാനുള്ളവരുടെ അന്തിമ പാനലിലുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല. പൊലീസ് മേധാവിയാക്കിയാൽ സംസ്ഥാനത്ത് തുടരാമെന്ന് വിനോദ്കുമാർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും ഇത് നിരസിക്കപ്പെട്ടെന്നും വിവരമുണ്ട്. അടുത്തിടെ നിലവിലെ ഡിജിപി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ഒരു വർഷം വീട്ടിയിരുന്നു. ഇതേത്തുടർന്നാണ് വിനോദ്കുമാർ സ്വയം വിരമിച്ചത്.

Advertisement
Advertisement