 മനസ് തുറന്ന് 'സ്കൈ വാക്കർ' സ്റ്രീവ് ലീ സ്മിത്ത് സുനിത വില്യംസ് തിരിച്ചുവരും

Saturday 13 July 2024 1:58 AM IST
സ്റ്റീവ് ലീ സ്മിത്ത്

കൊച്ചി: "തെല്ലും ആശങ്ക വേണ്ട. ബഹിരാകാശനിലയത്തിൽ കുടുങ്ങിപ്പോയ സുനിതാ വില്യംസ് തിരിച്ചുവരും" മുൻ നാസ ബഹിരാകാശ സഞ്ചാരിയും സാങ്കേതിക വിദഗ്ദ്ധനുമായ സ്റ്റീവ് ലീ സ്മിത്തിന്റെ വാക്കുകളിൽ വാനോളം പ്രതീക്ഷ. കേരളം എ.ഐയിൽ കുതിക്കും. രാജ്യാന്തര ജെനറേറ്റീവ് എ.ഐ കോൺക്ലേവിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ അദ്ദേഹം മനസുതുറക്കുന്നു.

?സ്കൈ വാക്കർ എന്ന വിശേഷണം

സ്കൈ വാക്കർ എന്ന് വിശേഷിപ്പിക്കരുതേ. സ്റ്റീവ് സ്മിത്ത്,ബഹിരാകാശസഞ്ചാരി. നാസയ്ക്കുവേണ്ടി നാല് തവണയായി 16 ദശലക്ഷം മൈൽ ബഹിരാകാശത്ത് സഞ്ചരിച്ചു. ഹബിൾ ബഹിരാകാശ ടെലിസ്‌കോപ്പിന്റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ ഏഴുവട്ടം ബഹിരാകാശത്ത് നടക്കുകയും ചെയ്തു.

?ബഹിരാകാശത്ത് നിന്നുള്ള ഭൂമിക്കാഴ്ച

ആദ്യ ബഹിരാകാശയാത്രയും കാഴ്ചയുമെല്ലാം കൺമുന്നിലുണ്ട്. ഇന്ദ്രനീലംപോലെ തിളങ്ങുന്ന സമുദ്രത്തിൽ ഒറ്റ ദ്വീപായി ഭൂമി. അതിമനോഹരമാണ് കാഴ്ച. 2014ൽ ബഹിരാകാശയാത്ര ചെയ്തപ്പോഴും ഭൂമിക്ക് അതേ സൗന്ദര്യം. വീണ്ടും യാത്രചെയ്യണമെന്നുണ്ട്. പക്ഷേ സാധിക്കുമെന്നറിയില്ല.

?സ്പേസ് മിഷനുകളിൽ എ.ഐ സ്വാധീനം

സമസ്ത മേഖലകളിലും ജെൻ എ.ഐ ഗുണംചെയ്യും. സ്പേസ് ടെക്നോളജിയിൽ മനുഷ്യന് പകരം കമ്പ്യൂട്ടറിനെയോ റോബോട്ടിനെയോ വയ്ക്കാനാവില്ല. ഏറ്റവും മികച്ച മെഷീൻ മനുഷ്യനാണ്. മറ്റ് പഠനനിരീക്ഷണങ്ങളിലെല്ലാം എ.ഐയ്ക്കാണ് നേട്ടം.

?സ്പേസ് ഡിഫൻസും അന്യഗ്രഹജീവികളും

ഭൂമിയുമായി കൂട്ടിയിടിക്ക് വഴിവച്ചേക്കാവുന്ന സാഹചര്യങ്ങളെ സാറ്റലൈറ്റ് സഹായത്തോടെ വഴിതിരിച്ചുവിടാം. വിവിധ രാജ്യങ്ങളുമായി ചേർന്ന് ഇതിനായുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നു. അന്യഗ്രഹജീവികൾ ഇല്ലെന്നാണ് വിശ്വസിക്കുന്നത്. ഇതിലേക്ക് എത്തുന്ന കണ്ടുപിടിത്തങ്ങൾ ഉണ്ടായേക്കാം.

?സ്പേസ് ടൂറിസത്തിന്റെ സാദ്ധ്യതകൾ

ബഹിരാകാശ ശാസ്ത്രത്തിൽ ഏറ്റവും ചെറിയ ഭാഗമാണ് സ്പേസ് ടൂറിസമെങ്കി​ലും സാദ്ധ്യതകളേറെ. ഗവേഷണരംഗത്ത് ഇപ്പോൾ 1000 സ്വകാര്യകമ്പനികൾ വന്നു. പതിനായിരക്കണക്കിന് സാറ്റലൈറ്റുകൾ വിക്ഷേപിക്കപ്പെട്ടു.

?സുനിതാ വില്യംസിന്റെ മടക്കയാത്രയിലെ ആത്മവിശ്വാസം

സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് സുനിത വില്യംസിനുൾപ്പടെയുള്ളവരുടെ മടക്കയാത്ര വൈകുന്നത്. അവർ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ്. വൈകാതെ തിരിച്ചുവരും. ബഹിരാകാശ സഞ്ചാരിക്ക് ഭൂമിയിൽ നിൽക്കുന്നതിനേക്കാളും സന്തോഷം ബഹിരാകാശത്ത് തുടരുന്നതാണ്.

Advertisement
Advertisement