അച്ഛന്റെ കഷ്ടപ്പാട് പ്രചോദനമായി, കർഷകർക്ക് മകന്റെ ചാറ്റ്ബോട്ട്

Saturday 13 July 2024 2:01 AM IST
സർക്കാരും ഐ.ബി.എമ്മും സംയുക്തമായി എറണാകുളം ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച ജെൻ എ.ഐ കോൺക്ളേവിൽ മികച്ച സ്റ്റാർട്ടപ്പ് പുരസ്കാരം നേടിയ ഫാർമേഴ്സ് വിസ് ചാറ്റ് ബോട്ട് വികസിപ്പിച്ച സച്ചിൻദാസ്, സ്മിതീഷ് ജോസ്, ജുനിയോ ജേക്കബ് എന്നിവർ

മികച്ച സ്റ്റാർട്ടപ്പ് അവാർഡ് നേടി ഫാർമേഴ്സ് വിസ്

കൊച്ചി: 'കർഷകനായ അച്ഛന്റെ കഷ്ടപ്പാട് കണ്ടാണ് വളർന്നത്. ഈ ചാറ്റ്ബോട്ടിന് പ്രചോദനം അതാണ്..' കാക്കനാട്ടെ എ.ഐ വിസ് സ്റ്രാർട്ടപ്പ് ഉടമ സ്‌മിതീഷ് ജോസിന്റെ വാക്കുകൾ.

കുട്ടനാടൻ കർഷകനായിരുന്ന അച്ഛൻ ജോസ് മാത്യുവിന്റെ ഓർമ്മയ്ക്കായി സ്‌മിതീഷും സംഘവും വികസിപ്പിച്ച നിർമ്മിതബുദ്ധി (എ.ഐ) ചാറ്റ്ബോട്ട് 'ഫാർമേഴ്സ് വിസ്' എ.ഐ കോൺക്ലേവിൽ മികച്ച സ്റ്റാർട്ടപ്പ് ആശയത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. അമ്പതോളം സ്റ്റാർട്ടപ്പുകൾ പങ്കെടുത്ത ഹാക്കത്തണിന്റെ ഫൈനലിൽ എത്തിയത് ഫാർമേഴ്സ് വിസ് മാത്രം. സർക്കാർ പദ്ധതികൾ കർഷകർക്ക് എത്തിക്കാനും സംശയങ്ങൾ തീർക്കാനും ചാറ്റ്ബോട്ട് ഉപയോഗിക്കാം.

പ്രവർത്തനം

വെബ്സൈറ്റിലൂടെ ഫാർമേസ് വിസ് ഉപയോഗിക്കാം. കുട്ടനാടൻ കർഷകർക്കുള്ള ദുരിതാശ്വാസ പദ്ധതികൾ, ഓരോ മണ്ണിനും ചേർന്ന കൃഷിരീതികൾ, കമ്പോളവില തുടങ്ങിയ ചോദ്യങ്ങൾ ടൈപ്പ് ചെയ്യാം. നിമിഷങ്ങൾക്കുള്ളിൽ ബോട്ട് ഉത്തരം നൽകും. ഐ.ബി.എമ്മിന്റെ വാട്ട്സൺ സോഫ്റ്റ്‌വെയറിലാണ് ചാറ്റ്ബോട്ട് വികസിപ്പിച്ചത്. ജുനിയോ ജേക്കബ്, സച്ചിൻദാസ് എന്നിവരാണ് മറ്റ് അംഗങ്ങൾ. 2022ലാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ആപ്പും പുറത്തിറക്കും.

*ഒരുകോടി സമ്മാനം

ഒരുകോടി രൂപയാണ് സ്റ്റാർട്ടപ്പിന്റെ സമ്മാനത്തുകയെന്ന് മന്ത്രി പി. രാജീവ് ചടങ്ങിൽ പ്രഖ്യാപിച്ചു. ചാറ്റ്ബോട്ടിന്റെ സേവനം വികസിപ്പിക്കാൻ സർക്കാരുമായി ചർച്ച നടക്കുന്നു. മത്സരത്തിനായി 10 ദിവസം കൊണ്ടാണ് ബോട്ട് വികസിപ്പിച്ചത്. ഡെമോ വേർഷനിൽ ഇംഗ്ലീഷാണെങ്കിലും ഭാവിയിൽ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ലഭിക്കും. തിരുവനന്തപുരത്ത് നടന്ന ഹഡ്ഡിൽ ഗ്ലോബൽ സ്റ്റാ‌ർട്ടപ്പ് ഫെസ്റ്റിലും സംഘം ശ്രദ്ധ നേടിയിരുന്നു.