വിഴിഞ്ഞം: ഉമ്മൻചാണ്ടിയെ പരാമർശിക്കാതെ പിണറായി

Saturday 13 July 2024 2:03 AM IST

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് തറക്കല്ലിട്ട ഉമ്മൻചാണ്ടിയുടെ പേര് പരാമർശിക്കാതെ സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി. അതേസമയം, അദാനി തുറമുഖ കമ്പനി എം.ഡി കരൺ അദാനി ഉമ്മൻചാണ്ടിക്ക് നന്ദി പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ നിസ്തുല സംഭാവനകളും ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാവില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

ക്ലീൻ സ്ലേറ്റിൽ നിന്നാണ് ഉമ്മൻചാണ്ടി തുടങ്ങിയതെന്നും ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കുക അദ്ദേഹമായിരിക്കുമെന്നും എം.വിൻസെന്റ് എം.എൽ.എ ചൂണ്ടിക്കാട്ടി. കരാറൊപ്പിടുകയും തറക്കല്ലിടുകയും ചെയ്തതിന്റെ പേരിൽ ജൂഡിഷ്യൽ, വിജിലൻസ് അന്വേഷണങ്ങൾ നേരിട്ടതും ഓർമ്മിപ്പിച്ചു. വികസനത്തിൽ ഭരണ, പ്രതിപക്ഷ വ്യത്യാസം പാടില്ല. ചടങ്ങിൽ പ്രതിപക്ഷ നേതാവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നെങ്കിൽ മനോഹരമായിരുന്നെന്നും വിൻസെന്റ് പറഞ്ഞു.

അതേസമയം, കടന്നപ്പള്ളി രാമചന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരെ മുഖ്യമന്ത്രി പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ചു. മന്ത്രി വി.എൻ. വാസവൻ പ്രസംഗത്തിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ പ്രവർത്തനം പരാമർശിച്ചു. തുറമുഖത്തേക്കുള്ള പാതയിൽ ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ബോർഡുകൾ കോൺഗ്രസ് സ്ഥാപിച്ചിരുന്നു.

വിഴിഞ്ഞത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ചിന്ത രാജഭരണ കാലത്തേയുണ്ടെന്ന് പിണറായി പറഞ്ഞു. 2006 സെപ്തംബർ 18നാണ് പദ്ധതിക്ക് അനുമതിക്കായി ശ്രമിക്കുമെന്ന് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചത്. 2007 മാർച്ച് 9ന് വി.ഐ.എസ്.എല്ലിനെ നോഡൽ ഏജൻസിയാക്കി റീടെണ്ടർ ഉത്തരവായി. 2007 ജൂലായ് 31ന് വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തി ടെണ്ടർ ക്ഷണിച്ചു. 2009 നവംബർ 13ന് പദ്ധതി പഠനത്തിനായി ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനെ നിയോഗിച്ചു. 2010ൽ ടെണ്ടർ നടപടികളായി. പിന്നീട് കേസും കുരുക്കുമായി. ചൈനീസ് കമ്പനിയാണെന്ന് ആക്ഷേപമുയർന്നതോടെ മൻമോഹൻ സിംഗ് സർക്കാർ അനുമതി നിഷേധിച്ചു.

2016ൽ ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം കണ്ടത് കുതിച്ചുയരുന്ന നിർമ്മാണമാണ്. നിർവഹണ ഘട്ടത്തിൽ പലവിധ തടസങ്ങളുണ്ടായി. കൂട്ടായ ഇച്ഛാശക്തിയും ദൃഢനിശ്ചയവുമാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. 2017 ജൂണിൽ ബർത്തുകളുടെ നിർമ്മാണം തുടങ്ങി. പിന്നീടുണ്ടായ പ്രകൃതിദുരന്തങ്ങൾ കാലതാമസമുണ്ടാക്കി. പദ്ധതിയെ അഴിമതിക്കുള്ള വഴിയായോ ചൂഷണത്തിനുള്ള ഉപാധിയായോ ആരും മാറ്റരുതെന്ന നിഷ്ക്കർഷ ഉണ്ടായിരുന്നു. അത്തരം പഴുതുകൾ അടച്ചുകൊണ്ടു തന്നെ തുറമുഖത്തെ പുനരുജ്ജീവിപ്പിച്ചെടുക്കാൻ കഴിഞ്ഞെന്നും അവകാശപ്പെട്ടു.

Advertisement
Advertisement