കേരള സെനറ്റ്: രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി

Saturday 13 July 2024 2:05 AM IST

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് ചാൻസലർ കൂടിയായ ഗവർണർ സ്വന്തംനിലയ്ക്ക് നാല് വിദ്യാർത്ഥികളെ വീണ്ടും നാമനിർദ്ദേശം ചെയ്തത് ചോദ്യംചെയ്യുന്ന ഹർജിയിൽ, വിദ്യാർത്ഥികളുടെ മികവ് വിലയിരുത്തിയതു സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഗവർണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. നാമനിർദ്ദേശം ചെയ്യുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ നിർദ്ദേശിച്ചു. നേരത്തേ നാല് വിദ്യാർത്ഥികളെ ഗവർണർ നാമനിർദ്ദേശം ചെയ്തത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നിയമനം നടത്തിയത്.
സർവകലാശാല തയ്യാറാക്കിയ ലിസ്റ്റിലെ വിദ്യാർത്ഥികളായ നന്ദകിഷോറും ജെ. ഷഹനാസുമാണ് ഹർജി നൽകിയത്. നന്ദകിഷോർ സർവകലാശാലയിലെ കലാപ്രതിഭയും ഷഹനാസ് സോഫ്റ്റ്ബാളിൽ രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ പ്രതിഭയുമാണ്. കലാ കായികരംഗത്ത് മികവു തെളിയിച്ച വിദ്യാർത്ഥി പ്രതിനിധികളെന്ന നിലയ്ക്കാണ് സർവകലാശാല തങ്ങളുടെ പേരുൾപ്പെടുത്തിയതെന്നും ഈ നേട്ടങ്ങളില്ലാത്തവരെയാണ് ഗവർണർ നാമനിർദ്ദേശം ചെയ്തതെന്നും ഹർജിയിൽ പറയുന്നു.

Advertisement
Advertisement