തുറമുഖങ്ങളുടെ തുറമുഖമെന്ന് മുഖ്യമന്ത്രി

Saturday 13 July 2024 2:07 AM IST

തിരുവനന്തപുരം: കേരളത്തിന്റെ വികസന അദ്ധ്യായത്തിൽ പുതിയ ഏട് ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുറമുഖങ്ങളുടെ തുറമുഖം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലേക്ക് വിഴിഞ്ഞം മാറുകയാണ്. കേരളം രാജ്യത്തിന് നൽകുന്ന സംഭാവനയും സമ്മാനവുമാണിത്.

തുറമുഖത്തെ പരമാവധി പ്രയോജനപ്പെടുത്താനുള്ള കരാറുകൾ ഒപ്പിടും. ചില അന്താരാഷ്ട്ര ലോബികൾ വിഴിഞ്ഞത്തിനെതിരേ ചിന്തിക്കാം, രംഗത്തുവരാം. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സ്ഥാപിത താത്പര്യക്കാർ പറഞ്ഞു. അതെല്ലാം ഇച്ഛാശക്തിയോടെ ദുർബലമാക്കി.

ആദ്യഘട്ടം പൂർത്തിയാകുന്നതോടെ പ്രതിവർഷം 10 ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്യാൻ കഴിയും. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയുടെ ഉത്തമ മാതൃകയാണിത്. പ്രദേശവാസികൾ ശ്രദ്ധയിൽപെടുത്തിയ പ്രശ്നങ്ങൾ സർക്കാർ ഫണ്ടും അദാനികമ്പനിയുടെ സി.എസ്.ആർ ഫണ്ടുമുപയോഗിച്ച് പരിഹരിച്ചു - മുഖ്യമന്ത്രി പറഞ്ഞു.

മികച്ച നികുതി വരുമാനം

തുറമുഖം പൂർണ്ണസജ്ജമാവുന്നതോടെ വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം മേഖലകളിൽ വൻ സാമ്പത്തിക വളർച്ചയുണ്ടാകും

 സംസ്ഥാനത്തിന്റെ നികുതി വരുമാനം വർദ്ധിപ്പിക്കും. ചരക്കിറക്കുമ്പോൾ അതിന്റെ ഐ.ജി.എസ്.ടിയുടെ പകുതി കേരളത്തിനാണ്

 ലോഡിംഗ് അൺലോഡിംഗ് ഫീസിനും തുറമുഖം കപ്പലുകൾക്ക് നൽകുന്ന സേവനങ്ങൾക്കും ഇന്ധനം നിറയ്ക്കുമ്പോഴും നികുതി ലഭിക്കും

Advertisement
Advertisement