വിഴിഞ്ഞം വഴി 10,000 കോടിയുടെ നിക്ഷേപം വരും:മന്ത്രി വാസവൻ

Saturday 13 July 2024 2:22 AM IST

തിരുവനന്തപുരം : കേരളത്തിലേക്ക് 10,000 കോടിയുടെ നിക്ഷേപത്തിന് വിഴിഞ്ഞം തുറമുഖം വഴിവയ്ക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ആദ്യമദർഷിപ്പിന് നൽകിയ സ്വീകരണ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു തുറമുഖ വകുപ്പിന്റെ ചുമതലയുള്ള അദ്ദേഹം.

തുറമുഖ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും സർക്കാരിനുണ്ട്. 2028ൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ശേഷിയുള്ള കണ്ടെയ്നർ ടെർമിനലായി വിഴിഞ്ഞം മാറും. 8867.14 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 5595.34 കോടി സംസ്ഥാന സർക്കാരിന്റെ വിഹിതമാണ്. അദാനി കമ്പനി 2454 കോടിയും കേന്ദ്രസർക്കാർ 817.80 കോടിയുമാണ് ചെലവഴിക്കുന്നത്.
ഓഖി ചുഴലിക്കാറ്റ്, കൊവിഡ് മഹാമാരി, ടൗട്ടെ ചുഴലിക്കാറ്റുകൾ, പ്രാദേശിക പ്രക്ഷോഭങ്ങൾ, തുടങ്ങിയ തടസങ്ങൾ മറികടന്നാണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്. നാടിന്റെ സമഗ്രവികസനത്തിന്റെ സാക്ഷാത്കാരമാണ് സാദ്ധ്യമാവുന്നത്.

മഹാകവി പാലാ നാരായണൻ നായർ കവിതയിൽ കുറിച്ചതുപോലെ ' കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെക്കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ അറബിക്കടലിനും തൻ തിരക്കൈ കൊണ്ടതിന്നതിരിട്ടൊതുക്കുവാനായതില്ലിന്നോളവും.' വിഴിഞ്ഞത്തിലൂടെ കേരളത്തിന്റെ വികസനമെന്ന സ്വപ്‌നം പൂർണ്ണതയിൽ എത്തിക്കുകയാണ് സർക്കാരിന്റെ കടമ. അത് സാദ്ധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement