സ്വന്തം ജീവിതം അവസാനിപ്പിക്കാൻ മറ്റു രാജ്യങ്ങളിൽ നിന്നുപോലും ആളുകൾ സ്വിറ്റ്‌സർലന്റിലേക്ക് എത്തുന്നു

Saturday 13 July 2024 11:06 AM IST

ജീവിതം എപ്പോൾ അവസാനിപ്പിക്കണം എന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കാനുള്ള ആളുകളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന നിയമങ്ങൾ ലോകത്തിൽ കൂടിവരികയാണെന്ന് എഴുത്തുകാരനും യുഎന്നിലെ ദുരന്തനിവാരണ വിഭാഗം തലവനുമായ മുരളി തുമ്മാരുകുടി. സ്വിറ്റ്സർലാന്റിലേതാണ് ഇക്കാര്യത്തിൽ ഏറ്റവും ആധുനികവും സൗകര്യപ്രദവുമായ നിയമമെന്നും തുമ്മാരുകുടി വിശദമാക്കുന്നു.

എഴുത്തിന്റെ പൂർണരൂപം-

മരണ പേടകത്തിൻറെ ഉദ്ഘാടനം!

ജീവിതം എപ്പോൾ അവസാനിപ്പിക്കണം എന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കാനുള്ള ആളുകളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന നിയമങ്ങൾ ലോകത്തിൽ കൂടിവരികയാണ്.

ഇക്കാര്യത്തിൽ ഏറ്റവും ആധുനികവും സൗകര്യപ്രദവുമായ നിയമം സ്വിറ്റ്സർലാന്റിലേതാണ്. അതുകൊണ്ടുതന്നെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ മറ്റു രാജ്യങ്ങളിൽ നിന്നുപോലും ആളുകൾ അവിടേക്ക് എത്തുന്നു. ഇപ്പോഴത്തെ സംവിധാനം അനുസരിച്ച് ജീവിതം അവസാനിപ്പിക്കാൻ ഒരു മരുന്നിന്റെയും ഒരു ഡോക്ടറുടേയും ആവശ്യമുണ്ട്.

ഇവ രണ്ടും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആണ് @Exit International എന്ന സ്ഥാപനം മരണ പേടകം ഡിസൈൻ ചെയ്തത്. ഇതിനകത്ത് കയറുക, കവർ ലോക്ക് ചെയ്യുക, ഒരു സ്വിച്ച് അമർത്തുക. മുപ്പത് സെക്കൻഡ് കൊണ്ട് പേടകത്തിൽ നൈട്രജൻ നിറയും, വായുവിലെ ഓക്സിൻറെ അളവ് 21% നിന്നും 1% താഴെ പോകും. ശേഷം ചിന്ത്യം!

സാങ്കേതികവിദ്യകളുടെ പുരോഗതി ഈ നൂറ്റാണ്ടിൽ തന്നെ ‘കാലനില്ലാത്ത കാലം’ കൊണ്ടുവരുമെന്ന് ചിന്തിക്കുന്നവരുണ്ട് (ഞാൻ ഉൾപ്പെടെ). അപ്പോൾ ജീവിക്കണോ മരിക്കണോ എന്ന തീരുമാനം നാം സ്വയം എടുക്കേണ്ടി വരും. അതിന് മുൻപ് തന്നെ മരിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് സമാധാനവും സൗകര്യപ്രദവും വേദനാരഹിതവുമായ രീതിയിൽ മരിക്കാനുള്ള നിയമ സംവിധാനവും മരണയന്ത്രങ്ങളും വരണമെന്നാണ് എന്റെ ആഗ്രഹം.

റിട്ടയർമെന്റ് കാലത്തെ ഒരു പ്രോജക്ട് ഇതാണ്. ഈ വിഷയത്തിൽ അല്പം ഗവേഷണം ചെയ്യാൻ താല്പര്യമുള്ള നിയമ വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ ബന്ധപ്പെടുമല്ലോ.

മുരളി തുമ്മാരുകുടി

Advertisement
Advertisement