കണ്ണൂരിൽ വീണ്ടും നിധി? ഇത്തവണയും കിട്ടിയത് തൊഴിലുറപ്പ് തൊഴിലാളികൾക്ക്, അറബിയിലെന്തോ എഴുതിയിട്ടുണ്ടെന്ന് സ്ത്രീകൾ

Saturday 13 July 2024 11:24 AM IST

കണ്ണൂർ: കണ്ണൂരിൽ നിന്ന് വീണ്ടും നിധിയെന്ന് സംശയിക്കുന്ന വസ്തുക്കൾ കിട്ടിയതായി റിപ്പോർട്ടുകൾ. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് വീണ്ടും സ്വർണ നാണയങ്ങളും, വെള്ളി നാണയങ്ങളും മുത്തുകളും തോന്നുന്ന വസ്തുക്കൾ ലഭിച്ചതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.


'വെള്ളിയും സ്വർണവുമാണ്. ഇപ്പോൾ കിട്ടിയതാണ്. പക്ഷേ ഇതിൽ അറബിയിൽ ഒരുപാട് എഴുത്തുകളും കാര്യങ്ങളുമൊക്കെയുണ്ട്. മുസ്ലീങ്ങളുടെ എന്തെങ്കിലും, പണ്ട് കുഴിച്ചിട്ടതാണോയെന്ന് നമുക്കറിഞ്ഞൂടാ. പണ്ട് നമ്മൾ കോർത്തിടുന്ന കാശിമാല പോലുള്ളതാണ്. കഴിഞ്ഞ ദിവസം പതിമൂന്നെണ്ണം കിട്ടി. കഴുകിയപ്പോൾ സ്വർണം പോലെ തോന്നി. പഞ്ചായത്തിൽ വിളിച്ചു. പഞ്ചായത്ത് പൊലീസുകാരെ ഏൽപിച്ചു. അത് കോടതിയിലെത്തിയെന്നാണ് കേട്ടത്. രാവിലെയാണ് വീണ്ടും ഇത് കിട്ടിയത്. പൊലീസിനെ ഏൽപിക്കും.


കഴിഞ്ഞ വ്യാഴാഴ്‌ച കണ്ണൂർ ചെങ്ങളായിയിൽ പരപ്പായി സർക്കാർ സ്‌കൂളിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ റമ്പർ തോട്ടത്തിൽ മഴക്കുഴി വെട്ടുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ് നിധി കുംഭം പോലുള്ള മൺപാത്രം ലഭിച്ചിരുന്നു. അതേ സ്ഥലത്തുനിന്ന് തന്നെയാണ് വീണ്ടും നാണയങ്ങൾ ലഭിച്ചതെന്നാണ് വിവരം.

അന്ന് ബോംബാണെന്ന് കരുതി ആദ്യം മൺപാത്രം തുറന്നുനോക്കാൻ തൊഴിലാളികൾ തയ്യാറായിരുന്നില്ല. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് പാത്രം തുറന്നുനോക്കുന്നത്. നാണയത്തുട്ടുകൾ, സ്വർണപതക്കങ്ങൾ പോലുള്ള ആഭരണങ്ങളാണ് കുംഭത്തിനുള്ളിൽ ഉണ്ടായിരുന്നത്. പിന്നാലെ തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും പുരാവസ്തു വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു.

Advertisement
Advertisement