"പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നത്, തിരുത്തുമല്ലോ"; ദിവ്യക്കെതിരെ ഡോ. സരിൻ

Saturday 13 July 2024 12:09 PM IST

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ടുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ പ്രസംഗം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


'വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകുന്ന നിമിഷത്തിൽ ഇത് കേരള ജനതയുടെ വിജയമാണെന്ന് കുറിക്കാനായി മുഖ്യമന്ത്രി ഇവിടെ ഉണ്ട്. വൻകിട പദ്ധതികൾ എല്ലാം കടലാസിൽ ഒതുങ്ങുന്ന കാലഘട്ടം കേരള ജനത ഇന്ന് മറന്നിരിക്കുന്നു. അസാദ്ധ്യമായി തോന്നിപ്പിക്കുന്ന അനേകം ബൃഹത്പദ്ധതികളെ യാഥാർഥ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയവും ഇച്ഛാശക്തിയും മാർഗദർശനവും നമുക്ക് ഒരു മാതൃകയാണ്. ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന് മുന്നിൽ വാതായനങ്ങൾ തുറക്കുമ്പോൾ നമുക്ക് ഓരോരുത്തർക്കും കരുത്തും കരുതലുമായി മുഖ്യമന്ത്രി നിലകൊള്ളുന്നു.' - എന്നായിരുന്നു ദിവ്യ പറഞ്ഞത്.


ഇപ്പോഴിതാ ദിവ്യയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കെ പി സി സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. എസ് സരിൻ. മുൻപും മിടുക്കരായ ഐ എ എസ് ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ടെന്നും അവരോട് ചോദിച്ച് നോക്കിയാൽ കേരളത്തെ നയിച്ച ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ പറഞ്ഞുതരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നതെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട ദിവ്യ,
കടലാസിൽ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികൾ ഈ കേരളത്തിൽ മുൻപും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല.
ഒന്ന് മാത്രം പറയാം : മുൻപും മിടുക്കരായ IAS ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാൽ മതി പറഞ്ഞു തരും, കേരളത്തെ നയിച്ച ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നത്.
തിരുത്തുമല്ലോ.
ഡോ. സരിൻ

Advertisement
Advertisement