'കളിക്കിടെ ശ്രീശാന്ത് മസാജിന് പോയി, പറഞ്ഞുവിടാൻ ധോണി നിർദ്ദേശിച്ചു'; അന്ന് സംഭവിച്ചതിനെക്കുറിച്ച് അശ്വിൻ

Saturday 13 July 2024 12:53 PM IST

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന്റെ ആത്മകഥയായ 'ഐ ഹാവ് ദി സ്‌ട്രീറ്റ്‌സ്- എ കുട്ടി ക്രിക്കറ്റ് സ്റ്റോറി' ഏറെ ശ്രദ്ധനേടുകയാണ്. 184 പേജുകളുള്ള ആത്മകഥാ പുസ്‌കത്തിൽ തന്റെ ക്രിക്കറ്റ് കരിയറിന്റെ തുടക്കം മുതൽ 2011ലെ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് വിജയവുമാണ് അശ്വിൻ തുറന്നുകാട്ടുന്നത്. എഴുത്തുകാരനായ സി‌ദ്ധാർത്ഥ് മോംഗയോടൊപ്പം ചേർന്നാണ് അശ്വിൻ തന്റെ ആത്മകഥ എഴുതിയത്. പെൻഗ്വിൻ റാണ്ടം ഹൗസ് ആണ് പുസ്‌തകത്തിന്റെ പ്രസാധകർ.

2010ൽ പോർട്ട് എലിസബത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് പുസ്‌കതത്തിൽ വിവരിക്കുന്നതാണിപ്പോൾ ചർച്ചയാവുന്നത്. സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിൽ മത്സരം നടക്കുന്ന സമയം. മറ്റ് റിസർവ് താരങ്ങളോടൊപ്പം ഡഗ് ഔട്ടിൽ ഇരിക്കുന്നതിന് പകരം ബൗളിംഗ് താരം എസ് ശ്രീശാന്ത് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഡ്രസിംഗ് റൂമിൽ മസാജിന് പോയി. ഇതിൽ പ്രകോപിതനായ ക്യാപ്‌ടൻ എംഎസ് ധോണി അടുത്ത വിമാനത്തിൽ തന്നെ ശ്രീശാന്തിനെ തിരികെ നാട്ടിലേക്കയക്കാൻ വിമാനം ബുക്ക് ചെയ്യാൻ ടീം മാനേജറോട് പറയാൻ അശ്വിനോട് നിർദേശിച്ചു. പുസ്‌തകത്തിൽ ഇക്കാര്യം വിവരിക്കുന്നത് ദേശീയ മാദ്ധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

'ഇടവേള സമയത്ത് വെള്ളം കുടിക്കാൻ പോകുമ്പോൾ എംഎസ് എന്നോട് ചോദിക്കും, ശ്രീ എവിടെ എന്ന്? ഒരു ചോദ്യം ചോദിക്കുന്നതിനുള്ള ഏറ്റവും നിഷ്‌പക്ഷമായ മാർഗമാണിത്. അത് എംഎസിന്റെ രീതിയാണ്. എന്തുകൊണ്ടാണ് അദ്ദേഹം ചോദിക്കുന്നതെന്ന് മനസിലാക്കാൻ കഴിയില്ല. അദ്ദേഹത്തോട് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. കാരണം അത് എന്തിലേക്ക് നയിക്കുമെന്ന് എനിക്കറിയില്ല. എന്നാൽ കണ്ടെത്തണമെന്ന വാശിയിലായിരുന്നു എം എസ്.

ശ്രീ മുകളിൽ ഡ്രെസിംഗ് റൂമിലാണെന്ന് ഞാൻ മറുപടി നൽകും. മറ്റ് റിസർവ് താരങ്ങളോടൊപ്പം ഇരിക്കണമെന്ന് ശ്രീശാന്തിനോട് പറയാൻ അദ്ദേഹം എന്നെ ഏൽപ്പിക്കും. ഒരു അന്താരാഷ്‌ട്ര മാച്ചിൽ വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നതിനിടെയിലും ശ്രീ താഴെ ഇരിക്കുന്നില്ലെന്ന് എംഎസ് എങ്ങനെ ശ്രദ്ധിച്ചുവെന്ന് എനിക്ക് അതിശയം തോന്നി. ഞാൻ ചെന്ന് എം വിജയ്‌യോട് ശ്രീയോട് താഴെ വരാൻ എംഎസ് പറഞ്ഞതായി അറിയിച്ചു. നീ പോയ് പറയ്, ഇതുഞാൻ ചെയ്യുമെന്ന് പ്രതീക്ഷിക്കേണ്ട എന്നായിരുന്നു വിജയ്‌യുടെ മറുപടി.

ഞാൻ ചെന്ന് ശ്രീശാന്തിനോട് പറഞ്ഞു, താഴെ വന്നിരിക്കാൻ എംഎസ് ആവശ്യപ്പെട്ടു എന്ന്. എന്തിന്, നിനക്ക് വെള്ളം കൊണ്ടുപോകാൻ കഴിയില്ലേ? എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. എംഎസ്‌സിനോട് ഒന്നും പറഞ്ഞിട്ടില്ല എന്നുഞാൻ പറഞ്ഞു. റിസർവ് കളിക്കാർ ഒരുമിച്ചിരിക്കണമെന്നും ശ്രീയോട് താഴെ വരാൻ പറഞ്ഞുവെന്നും എംഎസ് പറഞ്ഞതായി ഞാൻ ശ്രീയെ അറിയിച്ചു. ശരി, നിങ്ങൾ പോയ്‌ക്കോളൂ, ഞാൻ വരാം എന്ന് ശ്രീ മറുപടി നൽകി.

ഞാൻ എന്റെ ഡ്യൂട്ടിയിലേയ്ക്ക് തിരികെ പ്രവേശിച്ചു. അടുത്ത തവണ ഹെൽമറ്റ് ധരിച്ചാണ് ഞാൻ പോയത്. ഇത്തവണ എംഎസ് ദേഷ്യത്തിലാണെന്ന് എനിക്ക് മനസിലായി. അദ്ദേഹത്തെ ഇത്രയും ദേഷ്യത്തോടെ ഞാൻ ഇതിനുമുൻപ് കണ്ടിട്ടില്ല. ശ്രീ എവിടെ? അവനെന്താണ് ചെയ്യുന്നത്? എന്ന് എന്നോട് കടുപ്പത്തിൽ ചോദിച്ചു.

അവന് മസാജ് ചെയ്യുകയാണെന്ന് ഞാൻ പറഞ്ഞു. എംഎസ് ഒന്നും പറഞ്ഞില്ല. അടുത്ത ഓവറിൽ ഹെൽമറ്റ് തിരികെ നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ അദ്ദേഹം ശാന്തനാണ്. 'ഒരു കാര്യം ചെയ്യൂ, റഞ്ജിബ് സാറിന് അടുത്തേയ്ക്ക് പോകൂ. ഇവിടെ നിൽക്കാൻ ശ്രീയ്ക്ക് താത്‌പര്യമില്ലെന്ന് പറയൂ. നാളെത്തന്നെ ഇന്ത്യയിലേയ്ക്ക് തിരികെ പോകാൻ ശ്രീശാന്തിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറയൂ'- ഹെൽമറ്റ് നൽകികൊണ്ട് എംഎസ് പറഞ്ഞു.

ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ മുഖത്തുതന്നെ ഞാൻ അന്തംവിട്ട് നോക്കിനിന്നു. എന്തുപറ്റി, ഇംഗ്ളീഷ് മനസിലാവില്ലേ എന്ന് എന്നോട് ചോദിച്ചു. ഇതുകേട്ട ശ്രീ ചാടിയെഴുന്നേറ്റ് ഡ്രസ് ചെയ്ത് തയ്യാറായി. അടുത്ത തവണ എംഎസിന് കുടിക്കാൻ വെള്ളം ആവശ്യമായി വരുമ്പോൾ ശ്രീ വെള്ളവുമായി തയ്യാറായിരിക്കും. അവന്റെ കയ്യിൽ നിന്ന് വെള്ളം വാങ്ങാതെ എംഎസ് നേരെ എന്റെ അടുക്കലേയ്ക്ക് വരും. രഞ്ജിബ് സാറിനോട് പറഞ്ഞോ എന്ന് ചോദിക്കും. പിന്നീട് അവർ രണ്ടുപേരും വിഷയം പറഞ്ഞുതീർത്തു'- അശ്വിൻ തന്റെ ആത്മകഥയിൽ വെളിപ്പെടുത്തി.

Advertisement
Advertisement