അയൽപക്കത്തെ ആൺപട്ടിയോടുള്ള 'പ്രണയം', പുറത്താക്കപ്പെട്ട പട്ടിക്കുട്ടിക്ക് കൂട്ടായി ഈ കുടുംബം
തിരുവനന്തപുരം: അയൽപക്കത്തെ ആൺപട്ടിയോടുള്ള 'പ്രണയം' കാരണം യജമാനൻ വീടിന് പുറത്താക്കിയ പെൺനായയ്ക്ക് ഇനി മുതൽ പുതിയ ഉടമസ്ഥ. തിരുവനന്തപുരം മൃഗശാല ജീവനക്കാരനായ സജിയാണ് നായ്ക്കുട്ടിയെ ദത്തെടുത്തത്. ആനയറ വേൾഡ് മാർക്കറ്റിന് സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പോമറേനിയൻ ഇനത്തിൽപ്പെട്ട പെൺനായയെ കണ്ടെത്തിയത്.
പപ്പിക്കുട്ടിയെന്ന് പേരിട്ട നായ്ക്കുട്ടി ഇപ്പോൾ കുടുംബത്തിൽ എല്ലാവർക്കും പ്രിയപ്പെട്ടവളാണ്. ഈ കുടുംബത്തിൽ നേരത്തെ ഒരു നായക്കുട്ടി മരിച്ചുപോയിരുന്നു. ഇതിന്റെ സങ്കടത്തിൽ നിന്ന് മുക്തമാകാൻ നായിക്കുട്ടിയെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത അറിഞ്ഞതെന്നും പരീക്ഷയ്ക്ക് ജയിച്ചാൽ മകൾക്ക് പുതിയ നായയെ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നുവെന്നും സജി പറയുന്നു.
ഉടമസ്ഥൻ ഉപേക്ഷിച്ച നായ്ക്കുട്ടി നേരത്തെ പീപ്പിൾ ഫോർ ആനിമൽസ് പ്രവർത്തക ഷമീമിന്റെ സംരക്ഷണത്തിലായിരുന്നു. ''നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം. അമിത ഭക്ഷണം ആവശ്യമില്ല. രോഗങ്ങളില്ല. അഞ്ചുദിവസം കൂടുമ്പോൾ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ, മൂന്നു വർഷമായി ആരെയും കടിച്ചിട്ടില്ല. പാൽ, ബിസ്കറ്റ്, പച്ചമുട്ട ഇവയാണ് ആഹാരം. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിതബന്ധം കണ്ടതുകൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത് " എന്ന കുറിപ്പും നായയുടെ കഴുത്തിലെ ബെൽറ്റിൽ ഉടമയുടേതായി ഉണ്ടായിരുന്നു.
എന്നാൽ അവിഹിതബന്ധം എന്നെഴുതിയ കത്തിൽ മൃഗസ്നേഹികളെ വിഷമിപ്പിച്ചിരുന്നു. മൃഗങ്ങളുടെ സ്നേഹബന്ധംപോലും അംഗീകരിക്കാൻ തയ്യാറാകാത്ത 'സദാചാരവാദികളായ' മനുഷ്യരുണ്ടെന്ന സൂചനയാണ് ഈ ഉപേക്ഷിക്കലിന് പിന്നിലെന്ന് അവർ പറയുന്നു. നായയുടെ സ്വാഭാവിക ലൈംഗികബന്ധത്തെ 'അവിഹിത'മായി കാണുന്ന മനുഷ്യൻ സദാചാര ഭ്രാന്തനായ മനോരോഗിയാണെന്നാണ് മൃഗസ്നേഹികളുടെ ആരോപണം.