തൃശ്ശൂരിലെ കളക്‌‌ടറെ വേണമെന്ന് ആന്ധ്രാസർക്കാർ, അനുവദിച്ച് ഉത്തരവിറക്കി കേന്ദ്രം

Saturday 13 July 2024 4:32 PM IST

തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്നു വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോകുന്നത്. ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണിന് ഗ്രാമ വികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയാണ്. പ്രളയം, കൊവിഡ് കാലത്ത് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കൃഷ്ണ തേജയെ പരിഗണിക്കാന്‍ കാരണം.

ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തൃശൂര്‍ സബ് കളക്ടര്‍, ആലപ്പുഴ കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് തൃശൂരില്‍ കളക്ടറായെത്തിയത്. കൊവിഡ് കാലത്ത് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പഠനം സ്പോൺസര്‍മാരെ കണ്ടെത്തി സുരക്ഷിതമാക്കിയ കൃഷ്ണതേജയുടെ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. പവൻ കല്യാണിന്റെ സ്റ്റാഫിലേക്ക് പോകുന്നതിന് ഡെപ്യൂട്ടേഷന് കൃഷ്ണതേജ അനുമതി തേടിയിരുന്നു. സംസ്ഥാന സർക്കാർ എതിർപ്പില്ലെന്ന് അറിയിച്ചതോടെയാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്.

തൃശ്ശൂർ കളക്ടറായി 20 മാസം പൂർത്തിയാകുമ്പോഴാണ് കൃഷ്ണതേജ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചുമതല ഒഴിഞ്ഞ് കേരളം വിട്ട് ആന്ധ്രയിലേക്ക് പോകുന്നത്.

Advertisement
Advertisement