കാൻസറിനെ ഒരു ഇഞ്ചക്ഷനിലൂടെ മനുഷ്യൻ തകർക്കും, കണ്ടെത്തിയത് കൊച്ചിക്കാരനായ 29കാരൻ

Saturday 13 July 2024 6:39 PM IST

തിരുവനന്തപുരം: കാൻസർ പ്രതിരോധ രംഗത്ത് വിപ്ളവകരമാർന്ന കണ്ടുപിടിത്തത്തിന് മലയാള ഗവേഷകൻ നേതൃത്വം നൽകുന്ന സ്റ്റാർട്ട് അപ്പ് കമ്പനിക്ക് 60 കോടി രൂപയുടെ ഫണ്ടിംഗ്. എറണാകുളം വൈറ്റില സ്വദേശിയായ അശ്വിൻ നന്ദകുമാർ (29), ചെന്നൈ സ്വദേശിയായ അശ്വിൻ ജയ്‌നാരായണൻ (27) എന്നിവരുടെ സ്‌റ്റാർട്ട് അപ്പ് കമ്പനിയായ ഗ്രാൻസ ബയോയ്‌ക്കാണ് 7.14 മില്യൺ യു.എസ് ഡോളർ (60 കോടി രൂപ) ഗവേഷണ സഹായം ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലാണ് കമ്പനിയുടെ ആസ്ഥാനം. അമേരിക്കൻ സ്‌റ്റാർട്ട് അപ്പ് ആക്‌സിലറേറ്റർ വൈ കോംബിനേറ്റർ വഴി കേവലം 12 ദിവസം കൊണ്ടാണ് ഈ മിടുക്കന്മാർ ഇത്രയും വലിയ തുക സമാഹരിച്ചത്. ഇരുവരെയും കൂടാതെ ഓക്‌സ്ഫോർഡിലെ പ്രൊഫസർ കൂടിയായ മൈക്കൽ ‌ഡസ്‌റ്റിനും കമ്പനിയുടെ ഭാഗമാണ്.

കാൻസർ എന്ന മഹാമാരിയെ ഉന്മൂലനം ചെയ്യുന്ന കണ്ടെത്തൽ

കാൻസർ അടക്കമുള്ള ഏതൊരു രോഗത്തെയും പ്രതിരോധിക്കുന്നത് നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങളാണ് (ഇമ്മ്യൂൺ സെൽസ്). ഈ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് ഇത്തരം പ്രതിരോധത്തിന് ശരീരത്തെ സജ്ജമാക്കുന്നത്. എന്നാൽ കാൻസർ കോശങ്ങൾ നമ്മുടെ പ്രതിരോധ കോശങ്ങളെ നശിപ്പിക്കുന്നു. തുടർന്നാണ് ഒരാൾ രോഗത്തിന് കീഴ്‌പ്പെടുന്നത്. പ്രതിരോധ കോശങ്ങളുടെ സഹായമില്ലാതെ അ
ഥവാ അവയുടെ അസാന്നിദ്ധ്യത്തിൽ എങ്ങിനെ പ്രതിരോധ ശേഷി നേടിയെടുക്കാം എന്നതായിരുന്നു അശ്വിൻമാരുടെ ഗവേഷണം. പ്രോട്ടീൻ തെറാപ്പി പ്രക്രിയയിലൂടെ രോഗങ്ങളെ തകർ‌ക്കാൻ പ്രതിരോധ കോശങ്ങൾ ആർജിക്കുന്ന ആയുധമായ 'ആക്രമണ കണങ്ങൾ' (അറ്റാക്ക് പാർട്ടിക്കിൾസ്) ഇവർ കണ്ടെത്തുകയായിരുന്നു.

കാൻസർ ബാധിക്കുന്ന ശരീരത്തിലെ പ്രതിരോധ കോശങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ പകരം ഇതേ ആയുധം മനുഷ്യ ശരീരത്തിലേക്ക് കടത്തിവിട്ട് കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതാണ് ടെക്‌നിക്ക്. ഇതിനുള്ള പേറ്റന്റും ഗ്രാൻസ ബയോ നേടിക്കഴിഞ്ഞു.

നിക്ഷേപകർ ആഗോളഭീമന്മാർ

ആസ്‌ട്രാ സെനക്കയിൽ നിന്നടക്കം ജോബ് ഓഫർ ലഭിച്ച സമയത്താണ് വൈ കോംബിനേറ്ററിലെ ബയോ പാർട്‌ണറായ സുർഭി സർണയ്‌ക്ക് മുന്നിൽ രണ്ട് അശ്വിൻമാരും തങ്ങളുടെ പദ്ധതി അവതരിപ്പിക്കുന്നത്. ആ ചർച്ചയാണ് ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറിയതെന്ന് അശ്വിൻ നന്ദകുമാർ പറയുന്നു. അങ്ങിനെയായിരുന്നു ഗ്രാൻസ ബയോയുടെ ജനനം. പഠനത്തിന് ശേഷം ഫാർമാ കമ്പനികളിൽ ജോലിക്ക് പ്രവേശിക്കണമെന്ന ചിന്ത ഉപേക്ഷിച്ച് സ്വന്തമായ ഫാർമ കമ്പനി എന്ന ആശയം അവിടെ രൂപപ്പെടുകയായിരുന്നു. 2024 ജനുവരിയിൽ ഗ്രാൻസോ ബയോ ജനിച്ചു.

മാർച്ച് മാസത്തോടെ ധനസമാഹരണം ആരംഭിച്ചു. 200ൽ അധികം നിക്ഷേപകരാണ് താൽപര്യവുമായി രംഗത്തെത്തിയത്. ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ 2.5 മില്യൺ ഡോളർ (20.87 കോടി) നിക്ഷേപമെത്തി. ഫെലിസിസ്, റീഫാക്‌ടർ ക്യാപിറ്റൽ തുടങ്ങിയ ആഗോളഭീമന്മാരും നിക്ഷേപകരായി. 12 ദിവസം പിന്നിട്ടതോടെ 60 കോടിയായി നിക്ഷേപം ഉയർന്നു. ഫെലിസിസ് തന്നെയായിരുന്നു ലീഡ് ഇൻവെസ്‌റ്റർ. ബയോടെക് നിക്ഷേപങ്ങളിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള പേരാണ് ഫെലിസിസിന്റെത്.

മൂന്ന് വർഷത്തിനുള്ളിൽ ക്ളിനിക്കൽ ട്രയൽ

3-4 വർഷത്തിനുള്ളിൽ ക്ളിനിക്കൽ ട്രയൽ ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അശ്വിൻ നന്ദകുമാർ പറഞ്ഞു. നിലവിൽ ഓക്‌സ്ഫോർഡിലാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഉടൻ തന്നെ സാൻഫ്രാൻസിസ്‌കോയിൽ മറ്റൊരു ലാബ് കൂടി ആരംഭിക്കും. ഇഞ്ചക്ഷൻ രൂപത്തിലായിരിക്കും മരുന്ന് മനുഷ്യശരീരത്തിലേക്ക് എത്തുക. അഞ്ചു പേരെ കൂടെ ഗവേഷണങ്ങൾക്കായി പുതുതായി നിയമിച്ചിട്ടുണ്ടെന്ന് അശ്വിൻ വ്യക്തമാക്കി.

മാറിവന്ന ഇ മെയിൽ സന്ദേശത്തിൽ തുടങ്ങിയ സൗഹൃദം

ഹൈക്കോടതി അഭിഭാഷകനായ പി. നന്ദകുമാർ മേനോന്റെയും സിന്ധുവിന്റെയും മകനാണ് അശ്വിൻ നന്ദകുമാർ. പത്താം ക്ളാസിൽ പഠിക്കുമ്പോൾ വളരെ അടുത്ത കൂട്ടുകാരൻ കാൻസർ വന്ന് മരിച്ചതോടെയാണ് ഈ മഹാവ്യാധി അശ്വിന്റെ മനസിൽ നൊമ്പരായി മാറുന്നത്. തുടർന്ന് സിംഗപ്പൂരിലായിരുന്നു ഹയർ സെക്കൻഡറി പഠനം. ഇന്റർനാഷണൽ ബാക്കിലറേറ്റ് സിലബസിലേക്ക് മാറണമെന്ന അശ്വിന്റെ ആഗ്രഹത്തിന് മാതാപിതാക്കൾ പൂർണ പിന്തുണ നൽകുകയായിരുന്നു. അതിന് ശേഷം സ്കോളർഷിപ്പോടെ യുകെയിൽ ബിരുദപഠനത്തിന് ചേർന്നു. ബയോമെഡിസിനിൽ ഒന്നാം റാങ്കോടെ ബി.എസ്‌സി ഓണേർസ് പൂർത്തിയാക്കിയ അശ്വിൻ 2023ൽ ഓക്‌സ്ഫോർഡിൽ നിന്ന് ഓങ്കോളജിയിൽ പിഎച്ച്‌ഡി എടുത്തു. ലണ്ടനിലെ പ്രശസ്‌തമായ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് കാൻസർ റിസേർച്ചിൽ (ഐസിആർ) പോസ്‌റ്റ് ഡോക്‌ടറൽ റിസേർച്ചും പൂർത്തിയാക്കി.

പിഎച്ച്‌ഡി സമയത്താണ് അശ്വിൻ ജയനാരായണനെ പരിചയപ്പെടുന്നത്. പേരിലെ സാമ്യത വഴി മാറിവന്ന ഇമെയിൽ സന്ദേശമാണ് ഇരുവരെയും തമ്മിൽ ബന്ധിപ്പിച്ചത്. ഇമ്മ്യൂണോളജിയിലായിരുന്നു ജയനാരായണന്റെ ഗവേഷണം. തുടർന്നുള്ള സംഭാഷണങ്ങളിൽ നിന്ന് ഉടലെടുത്ത സൗഹൃദമാണ് നാളെ മാനവരാശിക്ക് മുഴുവൻ അനുഗ്രഹമായേക്കാവുന്ന കണ്ടുപിടിത്തത്തിന് വഴിതെളിച്ചത്.

Advertisement
Advertisement