അടിച്ച് തകര്‍ത്ത് ജെയ്‌സ്‌വാള്‍ - ഗില്‍ സഖ്യം, നാലാം മത്സരത്തില്‍ 10 വിക്കറ്റ് ജയം; പരമ്പര ഇന്ത്യക്ക്

Saturday 13 July 2024 7:35 PM IST

ഹരാരെ: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സിംബാബ്‌വെക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ യുവനിര ഒരു മത്സരം ബാക്കി നില്‍ക്കെയാണ് പരമ്പര സ്വന്തമാക്കിയത്. 153 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ യശ്വസി ജെയ്‌സ്‌വാള്‍ 93*(53), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 58*(39) എന്നിവര്‍ പുറത്താകാതെ നിന്നു. പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം നാളെ ഇതേ സ്റ്റേഡിയത്തില്‍ നടക്കും.

സ്‌കോര്‍: സിംബാബ്‌വെ 152-7 (20), ഇന്ത്യ 156-0 (15.2)

13 ഫോറും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ജെയ്‌സ്‌വാളിന്റെ ഇന്നിംഗ്‌സ്. 29 പന്തുകളില്‍ നിന്ന് താരം അര്‍ദ്ധ സെഞ്ച്വറി തികച്ചു. 35 പന്തില്‍ 50 തികച്ച ഗില്‍ ആറ് ഫോറും രണ്ട് സിക്‌സറുകളും പറത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ക്ക് നിശ്ചിത 20 ഓവറുകളില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. 28 പന്തില്‍ 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് ടോപ് സ്‌കോറര്‍. തടിവനാഷെ മറുമണി 32(31) വെസ്ലി മധവീരെ 25(24) എന്നിവരൊഴികെ മാറ്റാര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല.

ഇന്ത്യക്ക് വേണ്ടി ഇടങ്കയ്യന്‍ പേസര്‍ ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിച്ച തുഷാര്‍ ദേശ്പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ്മ, ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ടീമിലുണ്ടായിട്ടും ബാറ്റിംഗിന് ഇറങ്ങാന്‍ അവസരം ലഭിച്ചില്ല.