'എല്ലാത്തിനും കാരണം റെയില്‍വേ, ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ അനുവദിച്ചില്ല'

Saturday 13 July 2024 8:27 PM IST

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായിട്ട് ഒമ്പത് മണിക്കൂര്‍ പിന്നിടുകയാണ്. മാരായമുട്ടം സ്വദേശി ജോയ് ആണ് അപകടത്തില്‍പ്പെട്ടത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ റെയില്‍വേയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി വി. ശിവന്‍കുട്ടി. ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം അടിഞ്ഞുകൂടാനുള്ള കാരണം റെയില്‍വേ ആണെന്നാണ് മന്ത്രിയുടെ വിമര്‍ശനം.

റെയില്‍വേയുടെ സ്ഥലമാണെന്നും നഗരസഭയെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ ഒരു കാര്യവും ഇവിടെ ചെയ്തിരുന്നില്ലെന്നും ഇതാണ് പ്രധാന പ്രശ്‌നമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം തിരുവനന്തപുരം മാരായമുട്ടം സ്വദേശി ജോയിയ്ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. വെള്ളം ഒഴുകിയെത്തുന്ന തുരങ്ക സമാനമായ ഭാഗത്തെ മാലിന്യക്കൂമ്പാരവും വെളിച്ചത്തിന്റെയും വായുവിന്റെയും കുറവും രക്ഷാപ്രവര്‍ത്തനം പ്രയാസകരമാക്കുകയാണ്.

ആമയിഴഞ്ചാന്‍ തോടിന് 12 കിലോമീറ്റര്‍ നീളമാണുള്ളത്. റെയിവേ ലൈന്‍ കടന്ന് പോകുന്ന വഴിയില്‍ സ്റ്റേഷന് കുറുകെ തോട് കടന്നുപോകുന്നുണ്ട്. സ്റ്റേഷന് കുറുകെ ട്രാക്കിനടിയില്‍ കൂടെ പോകുന്ന ഭാഗത്തിന് വീതിയില്ല. ഇവിടം ടണല്‍ പോലെയാണ്. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. സ്‌കൂബ സംഘം തെരച്ചില്‍ അവസാനിപ്പിച്ചിട്ടുണ്ട്. മാന്‍ഹോളിലെ മാലിന്യം നീക്കിയുള്ള പരിശോധനയ്ക്കായി റോബോട്ടിനെ എത്തിച്ചിട്ടുണ്ട്. ടെക്‌നോപാര്‍ക്കിലെ ജന്‍ റോബോടിക്‌സ് എന്ന കമ്പനിയുടെ റോബോട്ടിനെയാണ് സ്ഥലത്ത് എത്തിച്ചിരിക്കുന്നത്.