മാന്‍ഹോളിലെ മാലിന്യം നീക്കാന്‍ റോബോട്ടിനെ എത്തിച്ചു, ജോയിക്കായുള്ള തെരച്ചില്‍ തുടരുന്നു

Saturday 13 July 2024 8:41 PM IST
ഫോട്ടോ: വിഷ്ണു സാബു, കേരളകൗമുദി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനുള്ള ശ്രമത്തിനിടെ ശുചീകരണ തൊഴിലാളി ജോയ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മാന്‍ഹോളിലെ മാലിന്യം നീക്കുന്നത് വരെ സ്‌കൂബ ഡൈവിംഗ് സംഘം തെരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മാന്‍ഹോളിലെ മാലിന്യം നീക്കം ചെയ്യാനായി റോബോട്ടിനെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെന്‍ റോബോട്ടിക്‌സ് എന്ന കമ്പനിയുടെ റോബോട്ടിനെയാണ് മാലിന്യം നീക്കം ചെയ്യാനായി എത്തിച്ചിരിക്കുന്നത്.

മാലിന്യം നീക്കം ചെയ്യുമ്പോള്‍ മോണിറ്ററിലൂടെ റോബോട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കാണാനുള്ള സൗകര്യവുമുണ്ട്. ഇന്ന് രാവിലെ 11 മണിക്കാണ് ജോയ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാന്‍ തോട്ടില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്.

ഒഴുക്കില്‍പ്പെട്ടപ്പോള്‍ കയറിട്ട് കൊടുത്തെങ്കിലും ജോയിക്ക് അതില്‍പിടിച്ചു കയറാന്‍ കഴിഞ്ഞില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. മൂന്ന് പേരാണ് ശുചീകരണ പ്രവര്‍ത്തനത്തിനായി എത്തിയത്. ജോയിയാണ് ഉള്ളിലിറങ്ങിയത്. അതിനിടെയാണ് മഴ ശക്തിയായി കൂടുതല്‍ വെള്ളം ഒഴുകിയെത്തിയത്. ഇതോടെ ജോയി ഒഴുക്കില്‍പ്പെടുകയായിരുന്നു.മുങ്ങല്‍വിദഗ്ദ്ധരും ഫയര്‍ഫോഴ്‌സുമടക്കമുളളവര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വെള്ളം കുറഞ്ഞതോടെ സ്‌കൂബാ ഡൈവിംഗ് സംഘത്തിന് മുങ്ങി പരിശോധിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു മാലിന്യം നിറഞ്ഞ തോട്ടിലേത്.

ഇവിടെയിറങ്ങി ഊളിയിട്ട് മുന്നോട്ടുപോയി നോക്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതോടെ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമായി.അതേസമയം,തോട്ടിനുളളിലെ മാലിന്യം മുഴുവന്‍ നീക്കിയുളള രക്ഷാപ്രവര്‍ത്തനത്തിനാണ് ഫയര്‍ഫോഴ്‌സ് ശ്രമിക്കുന്നത്. കൂടുതല്‍ ജീവനക്കാരെ എത്തിച്ച് മാലിന്യനീക്കം ഊര്‍ജിതമാക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'മാലിന്യങ്ങള്‍ നീക്കി മാത്രമേ തുരങ്കത്തിനുള്ളിലേക്കു കയറി പരിശോധന നടത്താന്‍ കഴിയൂ. നഗരസഭയുടെ താല്‍ക്കാലിക ജീവനക്കാരന്‍ അല്ല ഒഴുക്കില്‍പ്പെട്ട ജോയി. മഴയുളളതിനാല്‍ ഇന്ന് ജോലി നടത്താന്‍ തീരുമാനിച്ചിരുന്നതല്ലെന്നും മാലിന്യം പൂര്‍ണമായി നീക്കും'- മേയര്‍ പറഞ്ഞു.

ഫോട്ടോ: വിഷ്ണു സാബു, കേരളകൗമുദി

Advertisement
Advertisement