13 വർഷമായിട്ടും പൂർണശേഷി കൈവരിക്കാതെ വല്ലാർപാടം

Sunday 14 July 2024 2:42 AM IST

കൊച്ചി: വിഴിഞ്ഞം തുറമുഖവും കണ്ടെയ്‌നർ ടെർമിനലും 2028ൽ പൂർണസജ്ജമാകുമെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും

13 വർഷം മുമ്പ് കമ്മിഷൻ ചെയ്ത

കൊച്ചിയിലെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ സ്ഥിതി അതല്ല. ഇനിയും പ്രഖ്യാപിത ലക്ഷ്യം കാണാനായിട്ടില്ല.

കണ്ടെയ്നർ നീക്കം സ്ഥാപിതശേഷിയുടെ 75 ശതമാനം മാത്രം.

ദുബായ് പോർട്സിനാണ് 30 വർഷം വല്ലാർപാടം ടെർമിനലിന്റെ നടത്തിപ്പ് ചുമതല. വർഷം 10 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം കൈകാര്യം ചെയ്തത് 7,54,237 ടി.ഇ.യു മാത്രം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രകടനമാണിത്.

കപ്പൽച്ചാലിന് വേണ്ടത്ര ആഴമില്ലാത്തതാണ് പോരായ്മ. പുറംകടലിൽ എത്തുന്ന മദർഷിപ്പുകളിൽ നിന്ന് ചരക്ക് പകർത്തിക്കയറ്റേണ്ട സ്ഥിതിയാണ്. കപ്പൽച്ചാലിന്റെ ആഴം 14.5 മീറ്ററിൽനിന്ന് 16 മീറ്ററായി വർദ്ധിപ്പിക്കാനുള്ള ശ്രമം തുറമുഖ അതോറിറ്റി തുടങ്ങിയിട്ടുണ്ട് . ഇത് പൂർത്തിയായാൽ താരതമ്യേന വലിയ കപ്പലുകൾക്ക് ബെർത്തിൽ അടുക്കാനാകും. ഇതിന്റെ പ്രോജക്ട് റിപ്പോർട്ടിനുള്ള കൺസൾട്ടൻസി സേവനങ്ങൾക്കായി ഉടൻ ടെൻഡർ വിളിക്കും. ബെർത്തിന്റെ നീളം 600 മീറ്ററിൽ നിന്ന് 950 മീറ്ററാക്കാനും പദ്ധതിയുണ്ട്.

ബാദ്ധ്യത ഡ്രഡ്ജിംഗ്

കപ്പൽച്ചാലിലെ ചെളിനീക്കുന്നതിനുള്ള ഡ്രഡ്ജിംഗ് പതിവുപോലെ നടക്കുന്നുണ്ട്. ഡ്രഡ്ജിംഗ് ചുമതല കൊച്ചി തുറമുഖ അതോറിറ്റിക്കാണ് . ഇത് ദുബായ് പോർട്സിന് ആശ്വാസമാണെങ്കിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തുറമുഖ അതോറിറ്റിക്ക് വലിയ ബാദ്ധ്യതയാണ്.