പാർട്ടിക്ക് അനാരോഗ്യമുണ്ട്, നല്ല ചികിത്സ ഉണ്ടാകും: ഐസക്

Sunday 14 July 2024 12:42 AM IST

തിരുവനന്തപുരം: സി.പി.എമ്മിന് അനാരോഗ്യം ഉണ്ടെന്ന് പാർട്ടി വിലയിരുത്തിയതായും, നല്ല ചികിത്സ ഉണ്ടാകുമെന്നും കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്. 'ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം സി.പി.എമ്മിന്റെ ആരോഗ്യം എങ്ങനെയുണ്ടെന്ന 'കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖപരിപാടിയായ സ്ട്രെയിറ്റ് ലൈനിലെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'അറുപതുകൾക്കു ശേഷം പാർട്ടിക്ക് കിട്ടിയ ഏറ്റവും താഴ്‌ന്ന വോട്ടിംഗ് ശതമാനമാണ് ഇക്കുറി ലഭിച്ചത്. അത് ഗൗരവമായിട്ടു കാണും. എന്നുവച്ച് എല്ലാം പൊളിഞ്ഞുപോയെന്ന് ആരും കരുതേണ്ടെന്നും ശക്തമായ തിരുത്തൽ നടത്തി പാർട്ടി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ളോട്ടിംഗ് വോട്ടുകൾക്കു പുറമെ പാർട്ടിയുടെ അടിത്തറ വോട്ടുകൾ ചോർന്നു. വോട്ടുചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജനം പറ്റിച്ചു. പാഠം പഠിപ്പിച്ചു. ഇടതുപക്ഷത്തിന് ദേശീയ തലത്തിൽ പ്രസക്‌തി കുറയുന്നുവെന്ന ചിന്തയുണ്ടായി. മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസിനു വോട്ടു ചെയ്‌താൽ മതിയെന്നും ചിലർ കരുതി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊതുവേ കാണുന്ന പാറ്റേണാണ് കോൺഗ്രസിനുള്ള മുൻതൂക്കം. എന്നാൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് അതീവ ഗൗരവമായ കാര്യമാണ്. അടിസ്ഥാന വിഭാഗങ്ങൾക്ക് സർക്കാരിനോട് അതൃപ്‌തിയുണ്ടായി. അത്രയേറെ അവരുടെ കാര്യങ്ങൾ ഇതിനു മുമ്പുള്ള ഇടതു സർക്കാർ ചെയ്‌തിരുന്നു. സർക്കാർ ശമ്പളം മുടക്കാത്തതു പോലെ ക്ഷേമപെൻഷനുകളും മുടങ്ങാതെ നൽകണം.

താനടക്കമുള്ള നേതാക്കളുടെ പെരുമാറ്റത്തിൽ മാറ്റം വേണം. ശൈലി മാറ്റാൻ പ്രയാസമാണ്. പക്ഷേ എല്ലാവരും മാറിയേ മതിയാകൂ. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയം തന്നെ അത് അടിവരയിട്ടു പറയുന്നു. ഈ മാസം ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ തിരുത്തലിനുള്ള മാർഗങ്ങൾ ആവിഷ്‌ക്കരിക്കും. മന്ത്രിസഭയിൽ മാറ്റമുണ്ടാകില്ല. ധനകാര്യ മാനേജ്‌മെന്റിൽ വീഴ്‌ച വന്നിട്ടില്ലെന്നും ധനസ്ഥിതി അന്നത്തേതിൽ നിന്നും പ്രകടമായി മാറി. തന്റെയും എം.എ. ബേബിയുടെയും നേതൃത്വത്തിൽ പാർട്ടി പിടിക്കാൻ തിരുത്തൽവാദി ഗ്രൂപ്പുണ്ടായെന്ന ചെറിയാൻ ഫിലിപ്പിന്റെ ആരോപണം സി.പി.എമ്മിനെക്കുറിച്ച് ധാരണ ഇല്ലാത്തതിനാലാണെന്നും ഐസക് പറഞ്ഞു.

(അഭിമുഖത്തിന്റെ പൂർണരൂപം കൗമുദി ടിവിയിൽ ഇന്ന്

രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യും. യൂട്യൂബിലും ലഭ്യമാണ്).

Advertisement
Advertisement