മഴയുടെ തീവ്രതയും ചൂടിന്റെ കാഠിന്യവും കൂടി: നീത കെ. ഗോപാൽ

Sunday 14 July 2024 12:42 AM IST

കാലവർഷത്തിന്റെ അടുത്തഘട്ടം എങ്ങനെയായിരിക്കും? മാറി വരുന്ന കാലാവസ്ഥയുടെ പ്രകൃതമെങ്ങനെ? കേരള കാലാവസ്ഥ കേന്ദ്രം മേധാവി നീത കെ. ഗോപാൽ കേരള കൗമുദിയോട് സംസാരിക്കുന്നു.

മഴയുടെ പ്രകൃതം ആകെ മാറിയല്ലോ?

അതെ. പണ്ടൊക്കെ പെയ്യുന്ന രീതിയിലുള്ള മഴയല്ല ഇപ്പോൾ ലഭിക്കുന്നത്. പണ്ട് തുടർച്ചയായി പെയ്യുന്ന മഴയായിരുന്നുവെങ്കിൽ ഇപ്പോൾ ചെറിയ സമയത്തിനുള്ളിൽ കൂടുതൽ മഴയാണ് പെയ്യുന്നത്. മഴയുടെ പ്രകൃതവും മാറി. തീവ്രതയും കൂടി.

ആഗസ്റ്റിൽ അതിശക്ത മഴയായിരിക്കുമോ?

അതിശക്ത മഴയാകുമോയെന്ന് പറയാൻ സാധിക്കില്ല. നിലവിലെ നിരീക്ഷണത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കും. ലാ നിന എന്ന പ്രതിഭാസം ആഗസ്റ്റിൽ ആരംഭിക്കും. മഴ കൂടുതൽ ലഭിക്കാൻ സഹായകമാകുന്ന പ്രതിഭാസമാണിത്.

ഇത്തവണ പ്രളയ സാദ്ധ്യതയുണ്ടോ?

ആഗസ്റ്റിൽ കനത്ത മഴയുണ്ടാകും. കൂടാതെ ന്യൂനമർദ്ദങ്ങളും മറ്റും വന്നാൽ മഴയുടെ തീവ്രതകൂടാം. പ്രളയ സാദ്ധ്യതയുണ്ടെന്നു ഇപ്പോൾ പറയാൻ കഴിയില്ല. ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും മുമ്പ് അത് നേരിടാനുള്ള തയ്യാറെടുപ്പുകൾ നമുക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ആ അനുഭവം ഉള്ളതുകൊണ്ടുതന്നെ അത് നേരിടാൻ നമ്മൾ സജ്ജമാണ്.

അടുത്ത വർഷങ്ങളിൽ കേൾക്കുന്ന വാക്കാണ് മേഘവിസ്ഫോടനം,ഇത് കാലാവസ്ഥ പ്രതിഭാസമല്ലേ?

മേഘവിസ്പോടനം കാലാവസ്ഥ പ്രതിഭാസമല്ല. ശക്തമായ മഴ,നേരിയ മഴ,തീവ്രമഴ എന്ന് പറയുന്ന ഒരു വിഭാഗമാണ്. മേഘം പൊട്ടി വീഴുമ്പോലെയുള്ള പ്രതീതിയാണ് അത്ര ശക്തിയിൽ മഴ പെയ്യുമ്പോൾ ഉണ്ടാവുക. ഒരു മണിക്കൂറിൽ 10 സെന്റീ മീറ്റർ മഴ പെയ്താൽ മേഘവിസ്ഫോടനം ഉണ്ടായെന്ന് കണക്കാക്കാം. ഇത് കാരണം മണ്ണിടിച്ചൽ ഉരുൾപ്പൊട്ടൽ വരെയുണ്ടാകും. മലംചെരുവുകളിലാണ് കൂടുതൽ ഉണ്ടാകുന്നത്. നമുക്ക് പശ്ചിമഘട്ടങ്ങളുള്ളത് കൊണ്ട് പണ്ടും ഇത്തരത്തിൽ മഴയുണ്ടായിട്ടുണ്ടാകാം. എന്നാൽ അന്ന് നിരീക്ഷണ സംവിധാനങ്ങൾ കുറവായതിനാൽ റെക്കാഡ് ചെയ്യപ്പെട്ടിട്ടില്ല.

വേനൽകാലത്തും ചൂട് അതി കഠിനമാണല്ലോ?

ഇത്തവണ സംസ്ഥാനത്ത് ആദ്യമായാണ് കൂടുതൽ ദിവസങ്ങളിൽ ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. ഇനിയുള്ള വേനൽകാലത്തും കടുത്ത ചൂട് അനുഭപ്പെട്ടേക്കാം. ആഗോളതാപനവും ഗ്രീൻ ഹൗസ് വാതകങ്ങളുടെ വർദ്ധനവുമാണ് കാരണം.

കാലാവസ്ഥ മാറ്റങ്ങൾ വലിയ രീതിയിലാണല്ലോ?

കാലാവസ്ഥ വ്യതിയാനം എപ്പോഴുമുള്ളതാണ്. എന്നാൽ തീവ്രത കൂടിയ കാലാവസ്ഥ സാഹചര്യങ്ങൾ അടിക്കടിയുണ്ടാകുന്നതിനാൽ ദുരന്തങ്ങൾ വർദ്ധിച്ചു. മഴയുടെ തീവ്രതകൂടുമ്പോഴും അതി കഠിന ചൂട് അനുഭപ്പെടുമ്പോഴും അത് മനുഷ്യനുണ്ടാക്കുന്ന ആഘാതവും കൂടുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾക്ക് ആധുനിക സംവിധാനങ്ങൾ ഉണ്ടെങ്കിലും കിറു കൃത്യമായി കാലാവസ്ഥ പ്രവചനം നടത്തുന്നതിന് പരിമിതികളുണ്ട്.

പണ്ടത്തെതിനെക്കാൾ വ്യത്യസ്തമായി ഇന്ന് കാലാവസ്ഥ കൊണ്ടുണ്ടാകുന്ന ആഘാതങ്ങൾ എന്തൊക്കെയെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നൽകുന്നു. ഇനിയുള്ള കാലത്തും അങ്ങനെയായിരിക്കും മുന്നറിയിപ്പുകൾ.

Advertisement
Advertisement