റിക്കി പോണ്ടിംഗ് ഐപിഎല്‍ ഉപേക്ഷിച്ചു, വെളിപ്പെടുത്തലുമായി ഫ്രാഞ്ചൈസി

Saturday 13 July 2024 9:44 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞ് ഇതിഹാസ താരം റിക്കി പോണ്ടിംഗ്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് സീസണുകള്‍ ടീമിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് റിക്കി പോണ്ടിംഗ് മടങ്ങുന്നത്. 2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്‍ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. കലാശപ്പോരില്‍ മുംബയ് ഇന്ത്യന്‍സിനോട് ഡല്‍ഹി പരാജയപ്പെട്ടിരുന്നു.

ഏഴ് സീസണുകളില്‍ ടീമിനേയും താരങ്ങളേയും മുന്നോട്ട് നയിച്ചതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കുറിച്ചു. സ്ഥാനമൊഴിയാനുള്ള താങ്കളുടെ തീരുമാനത്തെക്കുറിച്ച് എന്ത് പറയണമെന്നതിന് വാക്കുകള്‍ കിട്ടുന്നില്ല. എല്ലായിപ്പോഴും താങ്കളുടെ നിര്‍ദേശങ്ങള്‍ ടീമിന് വിലപ്പെട്ടതായിരുന്നു.

ഏഴ് സീസണുകളിലും താങ്കള്‍ മാതൃകയായിരുന്നു. പരിശീലന വേദികളില്‍ ആദ്യമെത്തുകയും അവസാനം മടങ്ങുകയും ചെയ്യുന്ന താങ്കളുടെ രീതി വലിയ പ്രചോദനമാണ്. ക്യാപിറ്റല്‍സ് കുറിച്ചു. അതേസമയം റിക്കി പോണ്ടിംഗിന്റെ ഭാവി പരിപാടി എന്താണെന്ന് വ്യക്തമല്ല. രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുമ്പോള്‍ ഇന്ത്യന്‍ പരിശീലകനായി അദ്ദേഹം സ്ഥാനമേറ്റെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് ബിസിസിഐ തന്നെ ഇത് നിരസിച്ചിരുന്നു.

മറ്റേതെങ്കിലും ഐപിഎല്‍ ടീമിന്റെ പരിശീലകനായിട്ടാണോ റിക്കി പോണ്ടിംഗ് പോകുന്നതെന്നും വ്യക്തമല്ല. ഡല്‍ഹി ക്യാപിറ്റല്‍സില്‍ ആരായിരിക്കും റിക്കി പോണ്ടിംഗിന്റെ പിന്‍ഗാമിയെന്നും വ്യക്തമല്ല. ഓസ്‌ട്രേലിയുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായ അദ്ദേഹം 2003,2007 ലോകകപ്പുകളില്‍ ഓസീസ് നായകനുമായിരുന്നു.

Advertisement
Advertisement