ദേശീയ എക്‌സിക്യൂട്ടിവ് യോഗം തുടങ്ങി, ആനിരാജ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റിൽ

Sunday 14 July 2024 12:52 AM IST

കെ. പി. രാജേന്ദ്രൻ ദേശീയ എക്സിക്യൂട്ടീവിൽ

ന്യൂഡൽഹി: അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒഴിവിൽ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റിൽ ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനിരാജയെയും ദേശീയ എക്‌സിക്യൂട്ടീവിൽ ഐ.എെ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനെയും ഉൾപ്പെടുത്തി. നിലവിലെ സെക്രട്ടറി ബിനോയ് വിശ്വവും 11 അംഗ സെക്രട്ടേറിയറ്റ് അംഗമാണ്.

രാജ്യസഭാസീറ്റിന് പറഞ്ഞു കേട്ട കെ. പ്രകാശ് ബാബുവിനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുമെന്നാണ് കരുതിയത്. ആ വാർത്തകൾ സംസ്ഥാന നേതൃത്വം തള്ളി. ദേശീയ നേതാവെന്ന നിലയിൽ സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്ന ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായപ്പോൾ പകരം ആനിരാജയെ പരിഗണിച്ചെന്നാണ് വിശദീകരണം. തന്നെ ഒഴിവാക്കിയെന്ന വാർത്തകൾ പ്രകാശ് ബാബുവും തള്ളി. ആനിരാജയെ ഉൾപ്പെടുത്താൻ വിജയവാഡ പാർട്ടി കോൺഗ്രസ് തീരുമാനിച്ചതാണെന്നും ദേശീയ എക്‌സിക്യൂട്ടീവ് ഏകണ്ഠമായി തിരഞ്ഞെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. ആനിരാജയുടെ തിരഞ്ഞെടുപ്പ് കീഴ്‌വഴക്കം പാലിച്ചാണെന്ന് ബിനോയ് വിശ്വവും ചൂണ്ടിക്കാട്ടി.

അന്തരിച്ച അതുൽ കുമാർ അൻജാന്റെ ഒഴിവിൽ സെക്രട്ടേറിയറ്റിലേക്ക് യു.പിയിൽ നിന്നുള്ള ഗിരീഷ് ശർമ്മയെയും ഉൾപ്പെടുത്തി. ഈ ഒഴിവിലേക്ക് രാജ്യസഭാംഗം പി. സന്തോഷ് കുമാറിനെ പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്യുന്ന മൂന്നു ദിവസത്തെ സി.പി.ഐ ദേശീയ നിർവാഹക സമിതി യോഗം ഡൽഹിയിൽ തുടങ്ങി.

ആനി രാജ

കണ്ണൂർ ഇരിട്ടി സ്വദേശിയായ ആനിരാജ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയുടെ പത്‌നിയാണ്. വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫ്, യുവജന വിഭാഗമായ എ.ഐ.വൈ.എഫ് എന്നിവയിലൂടെയാണ് സി.പി.ഐയിലെത്തിയത്.

സ്ത്രീ ശാക്തീകരണം അടക്കം ഇടതുപക്ഷ പ്രക്ഷോഭങ്ങളിലെ സ്ഥിരസാന്നിധ്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചു.

Advertisement
Advertisement