കോഴ തള്ളിയിട്ടും കൈപൊള്ളി സി.പി.എം

Sunday 14 July 2024 12:04 AM IST

കോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിൽ കൈപൊള്ളി കോഴിക്കോട്ടെ സി.പി.എം. ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ പുറത്താക്കിയതിന് ഗൗരവമുള്ള കാരണങ്ങളൊന്നും പാർട്ടിക്ക് നിരത്താനായില്ല. പാർട്ടിയുടെ സൽപേര് കളങ്കപ്പെടുത്തി, അച്ചടക്കം ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളിൽ ഇങ്ങനെയൊരാളിനെ പുറത്താക്കുമ്പോൾ ലക്ഷങ്ങളുടെ കോഴ ആരോപണത്തിന് ജനങ്ങൾക്ക് മുന്നിൽ മറുപടിയില്ല. കോഴ ആരോപണം പാർട്ടിക്ക് മുന്നിലില്ലെന്നും അതല്ല പുറത്താക്കലിന് പിന്നിലെന്നും ജില്ലാസെക്രട്ടറി പി.മോഹനൻ പറയുന്നത് അതേപടി വിഴുങ്ങാൻ അണികൾ തയ്യാറല്ല.
പ്രമോദ് കോട്ടൂളി പാർട്ടിയുടെ ടൗൺ ഏരിയാ കമ്മിറ്റി അംഗമാണ്. നഗരത്തിൽ നാനാ വിഷയങ്ങളിൽ ഇടപെടുന്ന യുവ നേതാവ്. അങ്ങനെയുള്ള ആൾ പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്‌ത് ഡോക്ടറിൽ നിന്ന് 22ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. 60 ലക്ഷം ചോദിച്ചു, 22 ലക്ഷം വാങ്ങിയത്രേ. വെറും ഏരിയാ കമ്മിറ്റി അംഗം വിചാരിച്ചാൽ പി.എസ്.എസി അംഗത്വമോ മറ്റേതെങ്കിലും ഉന്നത സ്ഥാനമോ നൽകാനാവുമോയെന്നാണ് പ്രമോദിന്റെ ചോദ്യം. ജില്ലാ കമ്മിറ്റിക്ക് നൽകിയ വിശദീകരണം മുഖവിലയ്‌ക്കെടുക്കാതെയാണ് നടപടി. ഇത് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അതിനാൽ അമ്മയെ സത്യം ബോദ്ധ്യപ്പെടുത്താനെന്ന് പറഞ്ഞ് കോഴ ആരോപണം പാർട്ടിക്ക് മുന്നിൽ കൊണ്ടുവന്ന ഡോക്ടറുടെ വീടിനുമുമ്പിൽ പ്രമോദ് ഇന്നലെ അമ്മയോടൊപ്പം സത്യാഗ്രഹമിരുന്നു. അതോടെ പ്രമോദിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് പാർട്ടി. കുറേ നാളായി ജില്ലയിൽ പാർട്ടിക്കെതിരെ പുകയുന്ന റിയൽ എസ്റ്റേറ്റ്-മാഫിയ ബന്ധങ്ങൾ പ്രമോദ് വെളിപ്പെടുത്തുമോയെന്ന ആശങ്കയാണ് നടപടി നീളാൻ കാരണം. മന്ത്രി മുഹമ്മദ് റിയാസും സംസ്ഥാന നേതൃത്വവും കർശനമായി ഇടപെട്ടതാണ് പെട്ടെന്നുള്ള നടപടിക്ക് പിന്നിൽ.

അതേസമയം എന്താണ് പ്രമോദ് നടത്തിയ പാർട്ടി വിരുദ്ധ പ്രവർത്തനമെന്നതും കോഴക്കേസിന്റെ ചുരുൾ ആരഴിക്കുമെന്നതും ബാക്കിയാവുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് എങ്ങിനെ കരകയറാമെന്ന് തലകുത്തി നിന്ന് ചർച്ച നടത്തുമ്പോഴാണ് ഇടിത്തീയായി കോഴ ആരോപണം.

Advertisement
Advertisement