ജീവനക്കാർക്ക് മൈജിയുടെ സമ്മാനം കാറുകളും ടൂവീലറുകളും
കോഴിക്കോട്: സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച ജീവനക്കാർക്ക് കാറുകളും ടൂവീലറുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി ഡിജിറ്റൽ ആൻഡ് ഹോം അപ്ലയൻസ് റീട്ടെയിൽ നെറ്റ്വർക്കായ മൈജി. പുതിയറ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മൈജി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ.കെ. ഷാജി സമ്മാനദാനം നിർവ്വഹിച്ചു. മൈജിയിൽ ദീർഘ വർഷങ്ങൾ പൂർത്തിയാക്കിയവർ, പ്രവർത്തനപഥത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചവർ എന്നിവർക്കാണ് സമ്മാനങ്ങളും പ്രശംസാപത്രവും നൽകിയത്. ഹ്യൂണ്ടായ്, സ്കോഡ, എംജി, വോക്സ് വാഗൺ, മഹീന്ദ്ര എന്നിവയുടെ 6 എസ്.യു.വി കാറുകൾ, 15 ആക്ടീവ സ്കൂട്ടറുകൾ, ഒരു ബുള്ളെറ്റ് എന്നിവയാണ് സമ്മാനമായി നൽകിയത്. മുൻ വർഷങ്ങളിൽ ബെൻസ് കാർ ഉൾപ്പെടെ സമ്മാനങ്ങൾ നൽകിയത് ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരു സ്ഥാപനത്തിന്റെ മുഖവും ആത്മാവും അതിലെ ജീവനക്കാരാണ്. കമ്പനിയുടെ മുന്നോട്ടുള്ള വളർച്ചയും നിലനിൽപ്പും അതിലെ ജീവനക്കാരെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
അവർ കമ്പനിക്ക് വേണ്ടി ചെയ്യുന്ന കഠിനാദ്ധ്വാനം മനസ്സിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ശമ്പളം, ബോണസ്, ശമ്പളവർദ്ധനവ് എന്നിവയേക്കാൾ ഗുണം ചെയ്യുമെന്ന് മൈജി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ.കെ ഷാജി വാർത്താസമ്മേളനത്തിൽ പറഞ്ഞു.