ആമയിഴഞ്ചാൻതോട്ടിൽ മുങ്ങിത്താണ തൊഴിലാളിയെ കണ്ടെത്തിയില്ല, റോബോട്ടിനെ ഉപയോഗിച്ചും തെരച്ചിൽ

Sunday 14 July 2024 4:02 AM IST

തിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം മാറ്റാനിറങ്ങിയ തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. മാരായമുട്ടം മലഞ്ചെരുവ് വീട്ടിൽ നേശമണിയുടെയും മേരിയുടെയും മകൻ എൻ.ജോയിയെ (45)ആണ് കാണാതായത്.

റെയിൽവേയുടെ കരാറുകാരൻ എത്തിച്ച തൊഴിലാളിയാണ്. പത്തു മണിക്കൂർറോളം തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. രാത്രി 8ഓടെ ജെൻറോബോട്ടിക്സ് കമ്പനിയുടെ ബാൻഡികൂട്ട് എന്ന റോബോട്ടിനെ ഉപയോഗിച്ചുള്ള തെരച്ചിൽ ആരംഭിച്ചു. രാത്രി വൈകിയും തുടർന്നു.

ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ശക്തമായ മഴയെ തുടർന്ന് തോട്ടിലുണ്ടായ വെള്ളപ്പാച്ചിലാണ് അപകടകാരണമായത്. തമ്പാനൂർ ഇന്ത്യൻ കോഫി ഹൗസിന് എതിർഭാഗത്തെ റെയിൽവേ പാഴ്സൽ ഓഫീസിനു സമീപത്തുകൂടി റെയിൽവേ കോമ്പൗണ്ടിലൂടെ ഒഴുകുന്ന തോടാണിത്. രാവിലെ 8 മണിയോടെ പവർഹൗസ് റോഡിനു സമീപത്തെ തോടിന്റെ ഭാഗം വൃത്തിയാക്കിയ ശേഷമാണ് ഇവിടെയെത്തിയത്. പ്ലാസ്റ്റിക് മാലിന്യം ചാക്കിൽ കോരിമാറ്റുന്നതിനിടെ വെള്ളം ശക്തമായി ഒഴുകിവരുന്നതുകണ്ട് കരയിലുണ്ടായിരുന്ന സൂപ്പർവൈസർ കുമാർ, കരയ്ക്കുകയറാൻ ആവശ്യപ്പെട്ടു. ഇതിനിടെ ഒഴുക്കിന്റെ ശക്തിയിൽ ജോയി കാലിടറി ടണലിലേക്ക് പതിച്ചു. കുമാർ കയർ എറിഞ്ഞുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാൻ കഴിഞ്ഞില്ല.

സംഭവം നടക്കുമ്പോൾ ജോയി മാത്രമായിരുന്നു തോട്ടിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ തപൻദാസ്, ബിശ്വജിത് മണ്ഡൽ എന്നിവർ ഭക്ഷണം കഴിച്ചശേഷം പിറകെ വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

വെല്ലുവിളിയായി

മാലിന്യക്കൂമ്പാരം

ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ബി. സുഭാഷിന്റെ നേതൃത്വത്തിലുള്ള സ്‌കൂബാ ടീം എത്തി പകൽ മുഴുവൻ അശ്രാന്തപരിശ്രമം നടത്തിയെങ്കിലും വെള്ളത്തിൽ ഒരു മീറ്ററോളം പൊക്കത്തിൽ അടിഞ്ഞുകൂടിക്കിടന്ന മാലിന്യം വെല്ലുവിളിയായി. ആദ്യ മണിക്കൂറിൽ തന്നെ സ്‌കൂബാ ടീം അംഗങ്ങൾ ഓക്സിജൻ സിലിണ്ടർ ധരിച്ച് ടണലിൽ ഏഴുമീറ്ററോളം ഉള്ളിൽ കടന്ന് പരിശോധന നടത്തി. പ്ലാസ്റ്റിക് കുപ്പികളും കവറിൽ കെട്ടിയെറിയുന്ന മാലിന്യങ്ങളും കുമിഞ്ഞുകിടക്കുന്നതിനാൽ കൂടുതൽ ഉള്ളിലേക്ക് കടക്കാനായില്ല. ഉച്ചയോടെ തോടിനോടു ചേർന്ന് സ്ഥാപിച്ച ഇരുമ്പ് ഗ്രിൽ ഇളക്കിമാറ്റി. നഗരസഭയുടെ നേതൃത്വത്തിൽ ജെ.സി.ബി എത്തിച്ച് മാലിന്യങ്ങൾ കോരിമാറ്റി. എന്നിട്ടും ഉള്ളിൽ അടിഞ്ഞുകൂടിയ മാലിന്യം കാര്യമായി നീക്കം ചെയ്യാനായില്ല. മന്ത്രി വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, ജില്ല കളക്ടർ ജെറോമിക് ജോർജ്ജ്, ഡെപ്യൂട്ടിമേയർ പി.കെ.രാജു തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. പൊലീസ്, നഗരസഭ ശുചീകരണ തൊഴിലാളികൾ, ആർ.പി.എഫ് തുടങ്ങിയവരെല്ലാം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Advertisement
Advertisement