കേരളത്തിൽ 21 പി.എസ്.സി അംഗങ്ങൾ എന്തിന് ?​

Sunday 14 July 2024 2:00 AM IST

28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണപ്രദേശങ്ങളിലും നിയമനം നടത്തുന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന് ചെയർമാൻ ഉൾപ്പെടെ 9 അംഗങ്ങൾ മാത്രമുള്ളപ്പോൾ സംസ്ഥാന സർക്കാർ സർവീസിലെ പരിമിതമായ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് നേതൃത്വം നൽകാൻ ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളെ നിയമിക്കുന്നത് നീതിയുക്തമാണോ? പി.എസ്.സിയുടെ പരിധിയിൽ വരുന്ന ഒഴിവുകളിൽപ്പോലും ഭരണസമിതിക്കാർ നേരിട്ടു താല്ക്കാലിക നിയമനം നടത്തി പിന്നീട് സ്ഥിരപ്പെടുത്തുന്ന സാഹചര്യമാണിപ്പോൾ. ഭീമമായ ശമ്പളവും യാത്രാ ബത്തയും ഇതര ആനുകൂല്യങ്ങളും പെൻഷനും കുടുംബ പെൻഷനും സൗജന്യ ചികിത്സയുമൊക്കെ നൽകി 6 വർഷത്തേയ്ക്കു നൽകുന്ന നിയമനം സർക്കാരിനും ചെലവാണ്. നിയമനം നൽകുന്ന പകുതിപ്പേർ സംസ്ഥാന സർവീസ് ജീവനക്കാരായിരിക്കണമെന്നതാണ് വ്യവ്യസ്ഥ മുൻപൊക്കെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള സീനിയർ ഗസറ്റഡ് ആഫീസർമാരെയാണ് ഇതിലേയ്ക് പരിഗണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ലൈബ്രേറിയൻ സ്റ്റോർ കീപ്പർ തുടങ്ങിയവർ പി.എസ്.സി അംഗങ്ങളായുണ്ട്. കേരളത്തിലെ പി.എസ്.സി അംഗങ്ങളുടെ എണ്ണം 10 നു താഴെയാക്കി നിജപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

അഡ്വ. പി.കെ ശങ്കരൻകുട്ടി
കഴക്കൂട്ടം

സർക്കാർ ഓഫീസുകളെപ്പറ്റി മാറുന്ന കാഴ്ചപ്പാട്

തിരുവല്ലയിലെ സർക്കാർ ഓഫീസിൽ റീലെടുത്ത് വെെറലായ ഉദ്യോഗസ്ഥരെ അനുകൂലിച്ചും പ്രതികൂലിച്ചും വളരെയധികം അഭിപ്രയായങ്ങൾ വന്നുകഴിഞ്ഞു. ഒടുവിൽ മന്ത്രിവരെ സംഭവത്തിൽ ഇടപെട്ട് ഉദ്യോഗസ്ഥർക്ക് പിന്തുണയുമായി എത്തിയിരുന്നു. സർക്കാർ ഓഫീസുകളെ പറ്റിയുള്ള ജനങ്ങളുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റിമറിയ്ക്കുന്നതാണ് ഇത്തരം റീലുകൾ. പൊതുജനങ്ങൾക്കിടയിൽ അപമതിപ്പുണ്ടാക്കുന്ന രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറരുത് എന്നാണ് ചട്ടം. എന്നാൽ പല ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെയും പെരുമാറ്റം പൊതുജനങ്ങളോട് യുദ്ധം ചെയ്യുന്ന തരത്തിലാണ്. അത്തരം കാഴ്ചകളെ മാറ്രിപ്പിടിക്കുന്നതാണ് ഈ റീൽ. ജോലി ചെയ്യുന്നതിന്റെ ഇടവേള ആനന്ദകരമാക്കാൻ റീൽസ് ഷൂട്ട് ചെയ്തതാണെങ്കിലും അതിൽ അഭിനയിച്ച ഉദ്യോഗസ്ഥരെ കണ്ടിട്ട് തന്നെ സന്തോഷമാണ് തോന്നുന്നത്. ഇവിടം തീർച്ചയായും പൊതുജനങ്ങൾക്ക് സന്തോഷം പകരുന്ന ഓഫീസായിരിക്കുമെന്ന കാര്യം തീർച്ചയാണ്.

അലൻ ബേബി

എളമക്കര

നിയന്ത്രിക്കേണ്ട ഓൺലെെൻ മാദ്ധ്യമങ്ങൾ

ഓൺലെെൻ മാദ്ധ്യമങ്ങളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. യാതൊരുവിധ കടിഞ്ഞാണുമില്ലാതെയുള്ള സന്ദർഭോചിതമല്ലാത്ത ഇടപെടലുകൾ നാം ദിനം പ്രതി കാണുന്നതാണ്. ഏറ്രവും ഒടുവിൽ സിദ്ദിഖിന്റെ മകന്റെ മരണവിവരം അറിഞ്ഞ് അദ്ദേഹത്തെ പോലും വിടാതെ പിടികൂടിയ ഓൺലെെൻ മാദ്ധ്യമങ്ങളെയാണ് നാം കണ്ടത്. ഇത്തരത്തിൽ സിനിമാ താരങ്ങളുടെ ഉൾപ്പെടെ അനുമതിയില്ലാതെ പകർത്തുന്ന ദൃശ്യങ്ങൾ ആളുകളുടെ സ്വകാര്യതെയും അന്തസിനെയും മാനിക്കാതെ പ്രത്യേക തലക്കെട്ടുകൾ ഉൾപ്പെടെ പ്രചരിപ്പിക്കുകയാണ്. ഇത് സമൂഹത്തിൽ തെറ്റായ പ്രവണതയെയാണ് വളർത്തുന്നത്. ഇക്കാര്യത്തിൽ അധികൃതരുടെ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

പി.ആർ അനിൽ

ഉടുമ്പന്നൂർ

Advertisement
Advertisement