നവംബർ‌ ഒന്നിന് മുമ്പായി നടപ്പാക്കും,​ കൊച്ചിയിൽ വരുന്നത് വൻപദ്ധതി,​ സഹായിക്കാൻ വിദ്യാർത്ഥികളും

Sunday 14 July 2024 12:37 AM IST

കൊച്ചി: നഗരത്തിലെ എല്ലാവർക്കും ഡ‌ിജിറ്റൽ സാക്ഷരത ഉറപ്പാക്കാൻ കോർപ്പറേഷൻ ഒരുങ്ങുന്നു. സ‌ർക്കാർ ഇടപാടുകൾ, ബാങ്ക് ഇടപാടുകൾ എന്നിവയിലെല്ലാം സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം. ഡിജി കേരളം എന്ന സർക്കാർ പദ്ധതിയിലൂടെയാണ് ജനങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കുക. കെ സ്മാർട്ട് അടക്കമുള്ള എല്ലാ സംവിധാനങ്ങളും മറ്റൊരാളുടെ സഹായമില്ലാതെ സ്വയംചെയ്യാൻ ഇവരെ പ്രാപ്തരാക്കും.

സമൂഹത്തിലെ എല്ലാ മേഖലയിലുള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നൽകി ശാക്തീകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. സർക്കാർ നൽകുന്ന സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാൻ നഗരത്തിലെ എല്ലാ പൗരന്മാരെയും പ്രാപ്തരാക്കും. ഇതുവഴി വിവിധ വികസനപദ്ധതികളിൽ ഇവർക്ക് പങ്കാളികളാകാനും സാധിക്കും. എ.ഐ.സി.ടി.ഇ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമാകും. ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഒരു പ്രദേശത്തെ വികസനപരമായ പദ്ധതികളിൽ അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർത്ഥികളും ഭാഗമാകണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്

. നഗരത്തിലെ കോളേജ്, സ്കൂൾ, അക്ഷയകേന്ദ്രങ്ങൾ, ഇന്റർനെറ്റ് കഫേകൾ, സന്നദ്ധ സംഘടനകൾ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഇപ്പോൾ ഡിജിറ്റൽ സാക്ഷരതാ ക്ലാസുകൾ നൽകുന്നുണ്ട്. ഡിജി കേരളം പദ്ധതിക്കായി മൂന്നുലക്ഷം രൂപയാണ് അനുവദിച്ചത്. ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ള പരിശീലനാർത്ഥികളെ കണ്ടെത്തുന്നതിനായി വിവരശേഖരണം ഉടൻ ആരംഭിക്കും. കൗൺസിലർമാർക്ക് ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

പദ്ധതി നടപ്പാക്കുന്നത്
* നഗരത്തിലെ 14 വയസിന് മുകളിലുള്ളവരുടെ വിവരശേഖരണം നടത്തും

* പരിശീലനം നൽകുന്നതിന് പ്രത്യേക സന്നദ്ധപ്രവർത്തകരെ നിയോഗിക്കും

* സന്നദ്ധപ്രവർത്തകർക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകും

* സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നൽകും

* തുടർമൂല്യനിർണയത്തിലൂടെ പഠിതാക്കളുടെ സാരക്ഷരതാ നിലവാരം മനസിലാക്കും. തുടർന്ന് മൂല്യനിർണയം നടത്തും

നവംബർ ഒന്നിന് മുമ്പായി എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുകയാണ് ലക്ഷ്യം. നഗരം വയോജനസൗഹൃദമാക്കുകയാണ് ലക്ഷ്യം. ഫണ്ട് കൂടുതൽ ആവശ്യമായി വന്നാൽ സ്പോൺസർഷിപ്പിനെപ്പറ്റി ആലോചിക്കും

അഡ്വ.എം. അനിൽകുമാർ

മേയർ

Advertisement
Advertisement