അയലയും മത്തിയുമൊന്നുമല്ല, കേരളത്തില്‍ കിലോയ്ക്ക് വില 100ല്‍ താഴെയെത്തിയത് ഈ 'സൂപ്പര്‍സ്റ്റാറിന്'

Sunday 14 July 2024 12:46 AM IST

കോഴിക്കോട്: വറുതിയുടെ തീരത്ത് പൊടുന്നനെയുണ്ടായ ചാകര സാധാരണക്കാരന് ആശ്വാസമായി, ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില കുറഞ്ഞു. കിലോയ്ക്ക് 400ന് മുകളില്‍ കടന്ന മത്തി വില 200ല്‍ എത്തി. നത്തോലിക്ക് 50 മുതല്‍ 100 വരെയായി, കിളിമീന്‍ 160നും വാങ്ങാം. 300 രൂപയിലായിരുന്ന അയലയ്ക്ക് 230 രൂപയായി. 1000ത്തിന് മുകളില്‍ പോയ അയക്കൂറ 700ലേക്ക് വീണു. മത്തി, അയല, ചെമ്മീന്‍, അയക്കൂറ, നത്തോലി തുടങ്ങിയ മീനുകളാണ് ജില്ലയിലെ ഹാര്‍ബറുകളില്‍ കൂടുതലെത്തുന്നത്. രണ്ടു മാസത്തോളം നീണ്ടുനിന്ന ട്രോളിംഗ് നിരോധന കാലത്ത് ചെറുവള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി ഉണ്ടായിരുന്നത്. ഈ സമയങ്ങളില്‍ എത്തിക്കുന്ന മത്തിക്ക് 400 രൂപയിലധികം വിലയായത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായിരുന്നു. മത്തി ആവശ്യത്തിന് കിട്ടാനില്ലാത്തതും വില വര്‍ദ്ധനയ്ക്ക് കാരണമായി.

കുതിക്കാന്‍ ചെമ്മീന്‍

അമേരിക്കയിലേക്കും ജപ്പാനിലേക്കുമുള്ള കയറ്റുമതി കുറഞ്ഞതോടെ വില കുത്തനെ താഴേക്കു പോയ ചെമ്മീന്‍ വില അല്‍പ്പമുയര്‍ന്നത് മത്സ്യതൊഴിലാളികള്‍ക്ക്ആശ്വാസമായി. കഴിഞ്ഞ രണ്ട് ദിവസമായി ചെമ്മീന്‍ കിട്ടാത്തതോടെ വില ഉയര്‍ന്നിട്ടുണ്ട്.സാധാരണ കിലോയ്ക്ക് 300 രൂപ മുതല്‍ 400 രൂപ വരെ ലഭിച്ചിരുന്ന ചെമ്മീന് 90 ആയിരുന്നു. ഇതാണ് അല്‍പ്പം ഉയര്‍ന്ന് 100-110 ലേക്ക് കടന്നത്. ചെറിയ ചെമ്മീന്‍ വിഭാഗത്തിലുള്ള തെള്ളി ഉള്‍പ്പെടെ എല്ലാത്തരം ചെമ്മീനുകള്‍ക്കും വില ഇടിഞ്ഞ തോടെ കുറഞ്ഞ വിലയ്ക്ക് ചെമ്മീന്‍ വില്‍ക്കേണ്ട സാഹചര്യമാണ് കച്ചവടക്കാര്‍ക്കുണ്ടായത്.

ശ്രദ്ധ വേണം

അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള മീന്‍ വരവ് വര്‍ദ്ധിച്ചതോടെ മായം കലര്‍ന്നവയും മാര്‍ക്കറ്റുകളില്‍ സുലഭമാണ്. കൃത്യമായി ശീതീകരിക്കാത്തവയും വ്യാപകമായി രാസവസ്തുക്കള്‍ തളിക്കുന്നവയുമാണ്. ഇവ കഴിക്കുന്നത് മൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും.ലോറികളില്‍ കൊണ്ടുവരുന്നതിന് പുറമേ ട്രെയിനിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മത്സ്യം കൊണ്ടുവരുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

മീന്‍വില

മത്തി: 200- 250

ചെമ്മീന്‍: 100- 110

അയല: 200- 250

അയക്കൂറ: 800- 700

നത്തോലി 50- 100

കിളിമീന്‍; 160