ഈസി ഇന്ത്യ!

Sunday 14 July 2024 3:46 AM IST

മൂന്നാം ജയം, ഇന്ത്യയ്ക്ക് പരമ്പര

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ നാലാം മത്സരത്തിൽ പത്ത് വിക്കറ്റിന്റെ ഗംഭീര ജയം നേടിയ ഇന്ത്യ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ഒരു കളി ശേഷിക്കെ തന്നെ സ്വന്തമാക്കി. നിലവിൽ ഇന്ത്യ 3-1ന് പരമ്പരയിൽ മുന്നിലാണ്. ഹരാരെയിൽ ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 15.2 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താത്ത വിജയലക്ഷ്യത്തിലെത്തി (156/0).


യശ്വസി ജയ്‌സ്വാളും (53 പന്തിൽ 93), ക്യാപ്ടൻ ശുഭ്‌മാൻ ഗില്ലും (39 പന്തിൽ 58) ഇന്ത്യയുടെ ചേസിംഗ് അനായാസമാക്കി. 13 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് യശ്വസിയുടെ ഇന്നിംഗ്സ്. യശ്വസി തന്നെയാണ് കളിയിലെ താരം. ഗിൽ 6 ഫോറും 2 സിക്സും നേടി.നേരത്തേ വെസ്ലി മധവെരെയും (25), തദിവനഷെ മരുവനിയും (32) നല്ല തുടക്കമാണ് സിംബാബ്‌വെയ്ക്ക് നൽകിയത്. മരുമനിയെ പുറത്താക്കി അഭിഷേക് ശർമ്മയാണ് കൂട്ടുകെട്ട് പൊളിച്ചത്. ക്യാപ്ടൻ സിക്കന്തർ റാസയാണ് (28 പന്തിൽ 46) സിംബാബ്‌വെയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ഖലീൽ അഹമ്മദാണ് 2 വിക്കറ്റ് വീഴ്ത്തിയത്. പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും.

Advertisement
Advertisement