കൊച്ചിയിലേക്കാൾ രണ്ടിരട്ടി തിരുവനന്തപുരത്തെത്തും: സർക്കാർ ഖജനാവിൽ കോടികൾ ഒഴുകും: 2028ൽ വമ്പൻ മാറ്റം

Sunday 14 July 2024 11:58 AM IST

തിരുവനന്തപുരം: കടൽമാർഗ്ഗമുള്ള ചരക്കുനീക്കത്തിന്റെ ഇന്ത്യൻ കവാടമായി വിഴിഞ്ഞം തുറമുഖം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം മേഖലകളിൽ നാടിന്റെ മുഖച്ഛായ മാറും. കപ്പൽ, കണ്ടെയ്നർ, ലോജിസ്റ്റിക്സ് കമ്പനികൾ എത്തും.

തുറമുഖ പരിസരം മുതൽ കന്യാകുമാരി വരെ യാർഡുകൾക്കായി കമ്പനികൾ സ്ഥലമേറ്റെടുത്തു തുടങ്ങി. ആദ്യവർഷം 15 ലക്ഷവും 2028ൽ തുറമുഖം പൂർത്തിയാവുമ്പോൾ 30 ലക്ഷവും കണ്ടെയ്നർ ബിസിനസാണ് ലക്ഷ്യം. അരലക്ഷത്തിലേറെപ്പേർക്ക് പ്രത്യക്ഷ-പരോക്ഷ തൊഴിലുണ്ടാവും.

പരമാവധി 1500 സഞ്ചാരികളും 500 ജീവനക്കാരുമുള്ള ടൂറിസ്റ്റ് കപ്പലുകളാണ് കൊച്ചിയിൽ എത്തുന്നത്. എന്നാൽ, നാലായിരത്തിലേറെ സഞ്ചാരികളെയും 2000 ജീവനക്കാരെയും വഹിക്കുന്ന വമ്പൻ ക്രൂസ് കപ്പലുകൾക്കുവരെ വിഴിഞ്ഞത്ത് കരതൊടാം. ഇത് ടൂറിസത്തിനും സമ്പദ്ഘടനയ്ക്കും വൻ ഉണർവേകും. വൻ റിസോർട്ടുകളും നക്ഷത്രഹോട്ടലുകളും പാർപ്പിടസമുച്ചയങ്ങളും തലസ്ഥാന ജില്ലയിൽ കൂടുതൽ വരും.

ദുബായ്-ഗോവ-കൊളംബോ-തായ്‌ലൻഡ് -സിംഗപ്പൂർ ടൂറിസം സർക്യൂട്ടിലെ പ്രമുഖസ്ഥാനം വിഴിഞ്ഞത്തിന് ലഭിക്കും. ക്രൂസിലെത്തുന്നവർക്ക് ദേശീയ ജലപാതയിലൂടെ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിൽ എത്താൻ സൗകര്യമൊരുക്കിയാൽ നേട്ടം ഇരട്ടിക്കും.

കപ്പൽ ജീവനക്കാരുടെ ഡ്യൂട്ടി മാറ്റമായ ക്രൂചേഞ്ചിന് കപ്പലുകൾ തുരുതുരാ വരും. 2020-22ൽ 736 മദർഷിപ്പുകളും ടാങ്കറുകളും ക്രൂചേഞ്ചിനെത്തിയപ്പോൾ സർക്കാരിന് കിട്ടിയത് 10 കോടിയിലേറെയാണ്. ഒരു മദർഷിപ്പ് വന്നുപോകുമ്പോൾ ഒരുകോടിയുടെ വരുമാനം തുറമുഖത്തിനുണ്ടാവും. ഒരേസമയം ആറ് കപ്പലുകളടുപ്പിക്കാം.

കേരള ഉത്പന്നങ്ങൾ ലോക വിപണിയിൽ

 അസംസ്കൃതവസ്തുക്കൾ എളുപ്പത്തിലെത്തിക്കുന്നതോടെ വ്യവസായങ്ങൾക്ക് സാദ്ധ്യതയേറെ. പ്രത്യേക സാമ്പത്തിക-വ്യവസായ മേഖലകൾ സ്ഥാപിതമാവും

 സ്വകാര്യസംരംഭങ്ങൾ വൻതോതിലുണ്ടാവും. കശുഅണ്ടി,പ്ലൈവുഡ്, ഓട്,ചെരുപ്പ്, തുണിത്തരങ്ങൾ,മത്സ്യ-ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ കുതിക്കും

 മൂല്യവർദ്ധിത ഉത്പന്നങ്ങൾ ലോകത്തെവിടേക്കും കയറ്റുമതിചെയ്യാം. ചരക്കുകടത്ത്, സേവനങ്ങൾ വഴി സർക്കാരിന് നികുതിവരുമാനം

 കാറ്റ്, തിരമാല, ഹൈഡ്രജൻ ഉപയോഗപ്പെടുത്തിയുള്ള പുനരുപയോഗ ഊർജ്ജപാർക്കുകൾ വരും. സീഫുഡ് പാർക്കുകൾ മത്സ്യമേഖലയ്ക്കു ഗുണകരമാവും

 വിഴിഞ്ഞം-മംഗലാപുരം തീരദേശ കപ്പൽഗതാഗതവും കന്യാകുമാരി - കാസർകോട് യാത്രക്കപ്പൽ സർവീസും വരും. വിഴിഞ്ഞം-ശ്രീലങ്ക യാത്രാസർവീസുമുണ്ടാവാം

ചരക്കുനീക്കം 84% കടൽ വഴി

തുറമുഖത്തെത്തുന്ന കണ്ടെയ്നറുകളിൽ 16% മാത്രമേ കരമാർഗ്ഗം മറ്റിടങ്ങളിലേക്ക് കൊണ്ടുപോവൂ. 84% ചരക്കുകടത്തും കടൽവഴിയാണ്. 1400കോടിക്ക് തുരങ്ക റെയിൽപ്പാതയും ദേശീയപാത കണക്ടിവിറ്റിയായി 6000 കോടിക്ക് ഔട്ടർ റിംഗ്‌റോഡും വരുന്നുണ്ട്.

20,000 കോടി

സമ്പൂർണ പ്രവർത്തനശേഷി 2028-29ൽ കൈവരിക്കുമ്പോൾ സംസ്ഥാനവും അദാനിയും ചേർന്നുള്ള നിക്ഷേപം ഇരുപതിനായിരം കോടിയാവുമെന്ന് കരൺ അദാനി.

Advertisement
Advertisement