ആമയിഴഞ്ചാൻ തോട്ടിലെ തെരച്ചിൽ നിർണായക ഘട്ടത്തിൽ; റോബോട്ട്  സ്ക്രീനിൽ ശരീരഭാഗം കണ്ടു?

Sunday 14 July 2024 12:56 PM IST

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ തൊഴിലാളി ജോയിയുടെ ശരീരഭാഗം റോബോട്ട് സ്ക്രീനിൽ കണ്ടെന്ന് സൂചന. റെയിൽവേ ട്രാക്കുകൾക്കിടയിലെ ടണലിൽ 10 മീറ്റർ ഉള്ളിൽ ജോയി കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. രണ്ട് മുങ്ങൽ വിദഗ്ദ്ധർ ടണലിൽ പരിശോധന നടത്തുന്നുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വലിയ രക്ഷാപ്രവർത്തനമാണ് നഗരത്തിൽ നടത്തുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

രക്ഷാദൗത്യം 24 മണിക്കൂർ പിന്നിടുമ്പോൾ നേരിയ പ്രതീക്ഷയായത് ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ്. ഇത് മനുഷ്യ ശരീരം ആയിരിക്കുമെന്നാണ് സംശയം. ദൃശ്യങ്ങൾ അവ്യക്തമായതിനാൽ തന്നെ എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. ടണലിനുള്ളിൽ റോബോട്ടിനെ ഇറക്കി പരിശോധന നടത്തിയപ്പോഴാണ് ദൃശ്യം ലഭിച്ചത്.

തമ്പാനൂരിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം മാറ്റാൻ ശ്രമിക്കവെ മാരായമുട്ടം മലഞ്ചെരുവ് വീട്ടിൽ നേശമണിയുടെയും മേരിയുടെയും മകൻ എൻ.ജോയിയെ (45) ഇന്നലെ രാവിലെ 11.30 മുതലാണ് കാണാതായത്. അതീവ സാഹസിക ദൗത്യവുമായി സ്‌കൂബ സംഘം രംഗത്തുണ്ട്.

ദൗത്യ സംഘത്തിൽ നൂറോളം മുങ്ങൽ വിദഗ്ദ്ധരാണ് ഉള്ളത്. രാവിലെ തൊഴിലാളിയെ തെരഞ്ഞ് ടണലിൽ സ്‌കൂബ സംഘം ഇറങ്ങിയെങ്കിലും മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നതിനാൽ അധികം മുന്നോട്ട് പോകാനായിരുന്നില്ല. തള്ളിയാൽ പോലും നീങ്ങാത്ത അത്രയും മാലിന്യമാണ് അടിഞ്ഞുകൂടിയിരിക്കുന്നതെന്ന് മുങ്ങൽ വിദഗ്ദ്ധർ പറഞ്ഞിരുന്നു.

Advertisement
Advertisement