ഇനിയും മഴ തന്നെ, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കടലാക്രമണത്തിനും സാദ്ധ്യത

Sunday 14 July 2024 2:20 PM IST

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം,തൃശൂർ,പാലക്കാട്,കോഴിക്കോട്, വയനാട്,കണ്ണൂർ എന്നീ ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, കാസർകോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയെ തുടർന്ന് നാളെ മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് കണ്ണൂരും കാസർകോട്ടും ഓറഞ്ച് അലർട്ടാണ്.

വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിനും, ജാർഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി/മിന്നൽ/കാറ്റോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാദ്ധ്യതയുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ തീരങ്ങളിൽ നാളെ രാവിലെ അഞ്ചര മുതൽ രാത്രി 11.30 വരെ 2.8 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതിനാൽത്തന്നെ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്.


Advertisement
Advertisement